തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസില്‍ മുഖ്യപ്രതികളെ പോലീസ് കോളേജില്‍ എത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി വാങ്ങിയത് ഓണ്‍ലൈന്‍ വഴിയാണെന്ന് വധശ്രമക്കേസിലെ പ്രതികള്‍ മൊഴി നല്കി.
കത്തി ആവശ്യമനുസരിച്ച് നിവര്‍ത്താനും മടക്കാനും കഴിയുന്നതാണെന്ന് പോലീസ് പറഞ്ഞു. കൈപ്പിടിയില്‍ ഒതുക്കാവുന്ന വലുപ്പമെ കൊലപാതക ശ്രമത്തിന് ഉപയോഗിച്ച കത്തിക്ക് ഉള്ളൂ എന്നും പോലീസ് പറഞ്ഞു.
കോളേജ് സംഘര്‍ഷത്തിനിടെയാണ് അഖിലിനെ ഇവര്‍ കുത്തിയത്. അഖിലിനെ കുത്തിയ സ്ഥലത്തിന് സമീപത്ത് ഉണ്ടായിരുന്ന ചവറ് കൂനയ്ക്ക് അകത്താണ് പ്രതികള്‍ കത്തി ഒളിപ്പിച്ചിരുന്നത്.
അഖിലിനെ കുത്തിയ ശേഷം ക്യാമ്പസിനകത്ത് വലിയ ബഹളമായി. നസീമിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനെടെ പോലീസ് വന്നെന്ന സൂചന കിട്ടി. അപ്പോഴാണ് കത്തി ചവറ് കൂനയ്ക്കകത്ത് ഒളിപ്പിച്ചതെന്നാണ് പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
കേസില്‍ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പോലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയന് മുറിയില്‍ അടക്കം പോലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികള്‍ പറഞ്ഞതെന്നാണ് പോലീസ് പറയുന്നത്.