ഹേഗ്: ഇന്ത്യന്‍ ചാരനെന്ന് മുദ്രകുത്തി പാക് കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്ഭൂഷണ് ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര കോടതി ഇന്ന് വിധി പറയും. പാകിസ്താന് കോടതി വധശിക്ഷയ്ക്ക് വിധിച്ച കേസില്‍ ഇന്ത്യ സമര്‍പ്പിച്ച അപ്പീലിലാണ് ഇന്ന് വിധി പറയുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6.30നാണ് വിധി പറയുക.
ഇന്ത്യന്‍ നാവിക സേനയില്‍ നിന്ന് വിരമിച്ച കുല്ഭൂഷണ് ജാദവ് സ്വകാര്യ ആവശ്യത്തിന് ഇറാനിലെത്തിയപ്പോഴാണ് പാകിസ്താന് ചാര ഏജന്‍സി പിടികൂടിയത്. 2016 മാര്‍ച്ചിലാണ് സംഭവം നടന്നത്. തുടര്‍ന്ന് പാക് കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയുടെ സ്റ്റേ വാങ്ങിയിരുന്നു. അദ്ദേഹത്തെ തടവിലാക്കിയത് മുതല്‍ അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ച പാകിസ്താന്, ഒരിക്കല്‍ പോലും അദ്ദേഹത്തെ കാണാന്‍ ഇന്ത്യന്‍ അധികൃതരെ അനുവദിച്ചിരുന്നില്ല. ഒടുവില്‍ അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ജാദവിന്റെ അമ്മയെയും ഭാര്യയെയും കാണാന്‍ അനുവദിച്ചു.
അതേസമയം ചാരനാണെന്ന് കുല്ഭൂഷണ് കുറ്റസമ്മതം നടത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിന്റെ വീഡിയോ പാക് പുറത്തുവിട്ടിരുന്നു. എന്നാല്‍ അദ്ദേഹത്തെ മര്‍ദ്ദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നാണ് ഇന്ത്യ വാദിക്കുന്നത്. അഭിഭാഷകന് ഹരീഷ് സാല്‍വെ ആണ് അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര കോടതിയുടെ വിധി എന്തായാലും അംഗീകരിക്കുമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസലിനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്താന് റിപ്പോര്‍ട്ട് ചെയ്യുന്നു.