തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മരുന്ന് വിതരണം തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഓണ്‍ലൈന്‍ ഭക്ഷ്യ വിതരണ ശൃംഖലയിലൂടെ സംസ്ഥാനത്ത് ലഹരി മരുന്ന് വിതരണം ചെയ്യുന്നുണ്ടോ എന്നകാര്യം സര്‍ക്കാര്‍ പരിശോധിക്കുമെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന് പറഞ്ഞു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാത്തരം ഓണ്‍ലൈന്‍ സേവനങ്ങളെയും രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഓണ്‍ലൈന്‍ വഴി ഭക്ഷ്യവിതരണം നടത്തുന്ന സ്ഥാപനങ്ങളെയും അവിടങ്ങളില്‍ നിന്ന് ഭക്ഷണവുമായി ഉപഭോക്താക്കളിലേക്ക് എത്തുന്നവരെയും നിരീക്ഷിക്കും. ഇവരുടെ മൊബൈല്‍ നമ്പര്‍ അടക്കം നിരീക്ഷണവിധേയമാണ്. എക്സൈസിന്റെ ടോള്‍ ഫ്രീ നമ്പര്‍ എല്ലായിടത്തും പ്രദര്‍ശിപ്പിക്കും.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസുകളിലും അവരുടെ ബുക്കിങ് സ്ഥാപനങ്ങളിലും പോലീസിന്റെ സഹകരണത്തോടെ പരിശോധന നടത്തും. ട്രാവല്‍ ഏജന്‍സികളെയും നിരീക്ഷിക്കുമെന്നും മന്ത്രി ടിപി രാമകൃഷ്ണന് അറിയിച്ചു.