ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയുടെ തിരക്കഥാകൃത്ത് കെവി വിജയേന്ദ്ര പ്രസാദ് മലയാളത്തിലേക്ക്. വിശ്വഗുരു, നേതാജി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ വിജീഷ് മണി ഒരുക്കുന്ന പുതിയ സിനിമയ്ക്കാണ് വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്നത്. സംവിധായകനും തിരക്കഥാകൃത്തും ഫേസ്ബുക്ക് ലൈവിലെത്തിയാണ് ചിത്രം ഒരുങ്ങുന്ന കാര്യം വ്യക്തമാക്കിയത്.
പുരാണം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രം ബിഗ്ബജറ്റിലാകും വരികയെന്നും വിജയേന്ദ്ര പ്രസാദ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ അറിയിക്കുമെന്നും വിജയേന്ദ്ര പ്രസാദ് അറിയിച്ചു.
തെലുങ്കിലെ പ്രമുഖ തിരക്കഥാകൃത്തായ കെവി വിജയേന്ദ്ര പ്രസാദ് ബാഹുബലി സംവിധായകന് എസ്എസ് രാജമൗലിയുടെ അച്ഛനാണ്. 2003ല്‍ പുറത്തെത്തിയ ‘സിംഹാദ്രി’ മുതല്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ആര്‍ആര്‍ആര്‍’ വരെ രാജമൗലിയുടെ ഒട്ടുമിക്ക സിനിമകള്‍ക്കും രചന നിര്‍വ്വഹിച്ചത് അച്ഛന് വിജയേന്ദ്ര പ്രസാദ് ആണ്. ബാഹുബലിയുടെ രണ്ട് ഭാഗങ്ങള്‍ക്കും കഥ രചിച്ചത് കെവി വിജയേന്ദ്ര പ്രസാദ് ആയിരുന്നു.ബോളിവുഡ് ചിത്രങ്ങളായ ബജ്റംഗി ഭായ്ജാന്റെയും മണികര്‍ണികയുടെയും സഹ രചയിതാവുമായിരുന്നു അദ്ദേഹം.
ശ്രീനാരായണ ഗുരുവിന്റെ ജീവിതം പറയുന്ന ‘വിശ്വഗുരു’, സുഭാഷ് ചന്ദ്രബോസിന്റെ ജീവിതകഥ ആസ്പദമാക്കി നിര്‍മ്മിച്ച ‘നേതാജി’ എന്നിവയാണ് വിജീഷ് മണി സംവിധാനം നിര്‍വ്വഹിച്ച മുന്‍ ചിത്രങ്ങള്‍.