കോട്ടയം: പെരുന്നാളിനോടനുബന്ധിച്ചു നടന്ന ലേലത്തില്‍ ഒരു പൂവന് കോഴിക്ക് വില ലക്ഷം കടന്നു. കണ്ടുനിന്നവരെയും പങ്കെടുത്തവരെയും ആവേശം കൊള്ളിച്ച ലേലത്തില്‍ പൂവന്‍കോഴിക്ക് ഒരു ലക്ഷത്തി പതിനായിരം രൂപ വരെയാണ് വില ഉയര്‍ന്നത്. ലേലം കത്തിക്കയറിയപ്പോള്‍ കോഴിക്കു വില ലക്ഷം കടക്കുമെന്ന് ആരും കരുതിയില്ല.
കോട്ടയം നട്ടാശേരി പൊന്‍പള്ളി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയിലെ പെരുന്നാളിന്റെ ഭാഗമായി നടത്തിയ കോഴി ലേലമാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ആദ്യത്തെ കോഴിയെ കോട്ടയം സ്വദേശിയും കോയമ്പത്തൂരില്‍ സ്ഥിരം താമസക്കാരനുമായ മനോജ് മണ്ണൂരാണു ലേലത്തില്‍ പിടിച്ചത്.
ഉയര്‍ന്ന വിലയ്ക്കു മുന്‍ വര്‍ഷങ്ങളിലും ലേലം നടന്നിട്ടുണ്ടെങ്കിലും ഒരു ലക്ഷത്തിനു മുകളില്‍ ഒരു കോഴിക്ക് വില ഉയരുന്നത് ഇത് ആദ്യമായാണെന്നു പള്ളി സെക്രട്ടറി ഷിജു ഏബ്രഹാം ചിറയില്‍ പറഞ്ഞു.ആദ്യത്തെ കോഴിക്ക് പൊന്നും കോഴിയെന്ന പേരിലാണു ലേലം നടക്കുന്നത്. മറ്റു കോഴികള്‍ക്ക് 10,000 രൂപയും 5000 രൂപയ്ക്കും വരെ ലേലം നടന്നതായി അധികൃതര്‍ പറഞ്ഞു.