കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങവെ പൊതുസ്ഥലത്ത് വെച്ച് ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തളിപ്പറമ്പ് സ്വദേശിയായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്താന്‍ ശ്രമിച്ചത്. മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡാണ് രമ. ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന രമയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ഷനോജ് കുമാര്‍ പെട്രോള്‍ ഒഴിക്കുകയായിരുന്നു. ദേഹത്ത് പെട്രോള്‍ ഒഴിച്ച ഉടന്‍ തന്നെ രമ ഓടി രക്ഷപ്പെട്ട് തൊട്ടടുത്തുള്ള വീട്ടില്‍ അഭയം തേടി. അതിനാല്‍ വലിയ അപകടം ഒഴിവായി. സംഭവം വീട്ടുകാരെയും സമീപവാസികളെയും അറിയിച്ചു. തുടര്‍ന്ന് ഇവര്‍ ഷനോജ് കുമാറിനെ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.
പോലീസ് ഷനോജ് കുമാറിനെ ചോദ്യം ചെയ്തുവരികയാണ്. ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്തതായി ചേവായൂര്‍ പോലീസ് അറിയിച്ചു. അഞ്ചുവര്‍ഷം മുമ്പാണ് രമയും ഷനോജ് കുമാറും തമ്മിലുള്ള വിവാഹം നടന്നതെന്ന് പോലീസ് പറയുന്നു. എന്നാല്‍ കുടുംബ ജീവിതത്തില്‍ അഭിപ്രായ വ്യത്യാസമുള്ളതിനാല്‍ രണ്ടിടത്തായാണ് ഇരുവരുടെയും താമസം. ഇവര്‍ വിവാഹ മോചനത്തിന് ശ്രമിക്കുന്നതിനിടെയാണ് ഷനോജ്കുമാര്‍ രമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.