തിരുവനന്തപുരം: ഇന്ത്യ ജനാധിപത്യ രാജ്യമാണ്, രാജ്യത്ത് എവിടെ വേണമെങ്കിലും രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എല്‍ഡിഎഫ് വളരെ മോശമായ രീതിയിലാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതെന്നും എന്നാല്‍ രാഹുല്‍ നല്കിയ മറുപടി മാതൃകാപരവും ജനഹൃദയങ്ങളെ സ്പര്‍ശിക്കുന്നതായിരുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. സര്‍വേ ഫലങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ തന്നെ വിജയിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നത് ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ സ്വാധീനം കുറയ്ക്കാനാണ്. സിപിഎമ്മിനെതിരെ രാഷ്ട്രീയപരമായ വിമര്‍ശനം ഉണ്ടാകും, വ്യക്തിപരമായ വിമര്‍ശനം ഉണ്ടാകില്ല എന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനത്തിനിടയില്‍ സിപിഎമ്മിനെതിരെ സംസാരിക്കില്ലെന്ന് രാഹുല്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന എന്തിന്റെ പരാമര്ശത്തിലാണെന്ന് രാഹുല്‍ വ്യക്തമാക്കിയിരുന്നില്ല.