ദുബായ്: മരുഭൂമിയിലെ കപ്പല്‍ എന്നു വിളിക്കപ്പെടുന്ന ഒട്ടകങ്ങളുടെ ഏറ്റവും വലിയ ഓട്ട മത്സരം നാളെ മുതല്‍ 18 വരെ ദുബായിയില്‍. ഓട്ട മത്സരത്തില്‍ 14,000 ഒട്ടകങ്ങള്‍ പങ്കെടുക്കും. ഒട്ടകങ്ങളുമായി രാജകുടുംബാംഗങ്ങള്‍, ഗോത്രത്തലവന്മാര് എന്നിവരുമെത്തും. പ്രവേശനം സൗജന്യമാണ്.
ഇതുമായി ബന്ധപ്പെട്ട് ഒട്ടകങ്ങളുടെ സൗന്ദര്യ മത്സരവും ഉണ്ടാവും. രാവിലെ ഏഴ് മുതല്‍ 10.30വരെയും ഉച്ചകഴിഞ്ഞ് 2.30 മുതല്‍ 5.30വരെയുമാണ് മത്സരങ്ങള്‍ നടക്കുക. രാവിലെ ഏഴിന് മൂന്ന് വയസ്സില്‍ താഴെയുള്ള ഒട്ടകങ്ങളുടെ മത്സരം ആരംഭിക്കും. ഓടിത്തീര്‍ക്കേണ്ടത് നാല് കിലോമീറ്ററാണ്. എട്ട് കിലോമീറ്റര്‍ ഓട്ടത്തില്‍ ആറ് വയസ്സിനു മുകളിലുള്ള ഒട്ടകങ്ങളാണു പങ്കെടുക്കുക. ആണ്, പെണ് ഒട്ടകങ്ങള്‍ അണിനിരക്കുന്ന ഹൂള്‍, സുമൂല്‍ വിഭാഗങ്ങളില്‍ പ്രത്യേക മത്സരങ്ങള്‍ ഉണ്ടാകും.
മത്സര രീതി ഡമ്മി ജോക്കികളെ മുകളിലിരുത്തി നിശ്ചിത ട്രാക്കിലൂടെ ഒട്ടകങ്ങളെ ഓടിക്കുന്നതാണ്. മുന്‍പ് ജോക്കികളായി കുട്ടികളെ നിയോഗിച്ചിരുന്നെങ്കിലും പിന്നീട് ഇത് നിരോധിച്ചു. അല്‍ മര്‍മൂമില്‍ അറേബ്യന്‍ മേഖലയിലെ മുന്തിയ ഇനങ്ങള്‍ക്കാണു മുന്‍തൂക്കം. ഇത്തവണത്തെ ഒട്ടക മത്സരങ്ങളുടെ സീസണ് ഇതോടെ സമാപിക്കുകയാണ്. സെപ്റ്റംബര്‍ മുതല്‍ ഏപ്രില്‍ വരെയാണ് യുഎഇയിലെ ഒട്ടകമത്സരങ്ങള്.