ന്യൂഡല്‍ഹി: മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം രാജ്യത്ത് ലഭിക്കുന്ന മഴയുടെ അളവു കുറയാന്‍ സാധ്യതയെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സ്കൈമെറ്റിന്റെ പ്രവചനം. എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ കുറയാന്‍ കാരണമെന്നാണ് സ്കൈമെറ്റ് വിലയിരുത്തുന്നത്.
ദീര്‍ഘകാല ശരാശരിയില്‍ 93 ശതമാനം മണ്‍സൂണ്‍ മഴയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നതെന്നും ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ 55 ശതമാനത്തോളം മഴ കുറയാനുള്ള സാധ്യതയുണ്ടെന്നും സ്കൈമെറ്റിന്റെ അറിയിപ്പില്‍ പറയുന്നു. എല്‍നിനോ പ്രതിഭാസമാണ് മണ്‍സൂണ്‍ കുറയാന്‍ കാരണം.
എല്‍നിനോ പ്രതിഭാസം കേരളത്തിലെത്താനുളള സാധ്യത വര്‍ധിപ്പിക്കുന്നത് കാലാവസ്ഥാ വ്യതിയാനമാണ് എന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നുണ്ട്. എല്‍നിനോ പ്രതിഭാസം വേനല്‍മഴയെ തടഞ്ഞുനിര്‍ത്തിയാല്‍ കേരളത്തില്‍ കടുത്ത വരള്‍ച്ചയുണ്ടാകുമെന്നും വിദഗ്ധര്‍ അറിയിച്ചിരുന്നു.
എന്നാല്‍ ഇത്തവണ ജൂണ്‍ തുടക്കത്തില്‍ തന്നെ മണ്‍സൂണ്‍ എത്തുമെന്നും സ്കൈമെറ്റ് പറയുന്നു. ജൂലൈയില്‍ തെക്കേ ഇന്ത്യയില്‍ ആവശ്യത്തിന് മഴ ലഭിക്കുകയും മധ്യ, പടിഞ്ഞാറന്‍ ഇന്ത്യയില്‍ മഴ കുറയുകയും ചെയ്യും. സെപ്തംബറില്‍ രാജ്യം മുഴുവന്‍ സാധാരണഗതിയില്‍ മഴ ലഭിക്കാനാണ് സാധ്യതയെന്നും കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളില്‍ ഈ കാലയളവില്‍ പതിവിലും കൂടുതല്‍ മഴ ലഭിക്കുമെന്നും സ്കൈമെറ്റ് വ്യക്തമാക്കുന്നു.