പത്തനംതിട്ട: പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന് നാളെ വീണ്ടും നാമനിര്‍ദേശ പത്രിക നല്‍കും. സുരേന്ദ്രനെതിരെ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണ് പുതിയ നാമനിര്‍ദേശ പത്രിക നല്‍കുന്നത്. നിലവില്‍ 282 കേസുകള്‍ സുരേന്ദ്രനെതിരെ ഉണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. 20 കേസുകള്‍ ഉണ്ടെന്നായിരുന്നു ആദ്യം സുരേന്ദ്രന് നല്കിയ സത്യവാങ്മൂലത്തില്‍ കാണിച്ചിരുന്നത്.
അതേസമയം, സര്‍ക്കാര്‍ പ്രതികാരം തീര്‍ക്കുന്നുവെന്ന് ബിജെപി വക്താവ് എംഎസ് കുമാര്‍ ആരോപിച്ചു. ഒരേ ദിവസം തിരുവനന്തപുരത്തും കാസര്‍കോടും സുരേന്ദ്രനെതിരെ കേസ് ചുമത്തിയെന്നും ബിജെപി ആരോപിച്ചു.
ക്രിമിനല്‍ കേസുളുടെ എണ്ണം വര്‍ധിച്ചതോടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോകാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ബിജെപി നീക്കം. കൂടുതല്‍ കേസുകള്‍ സുരേന്ദ്രനെതിരെ വരുന്നതില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ടെന്നാണ് ബിജെപി നേതൃത്വം ആരോപിക്കുന്നത്.