ലഖ്നൗ: വനമേഖലയോട് ചേര്‍ന്ന് അനധികൃതമായി രണ്ട് ആയുധ നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിപ്പിച്ച നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ സംഭാലില്‍ ശനിയാഴ്ചയോടൊയിരുന്നു സംഭവം. പോലീസ് നടത്തിയ തെരച്ചിലില്‍ തദ്ദേശീയമായി നിര്‍മ്മിച്ച 24 കാര്ട്രിഡ്ജുകളും, നാടന്‍ തോക്കുകളും, ആയുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളും പിടിച്ചെടുത്തു.
നഖാസ പോലീസ് സ്റ്റേഷന്റെയും റാസ്പുറ സ്റ്റേഷന്റെയും പരിധിയിലുള്ള വനമേഖലയിലാണ് നാല് പേര് ചേര്‍ന്ന് അനധികൃതമായി രണ്ട് ആയുധ നിര്‍മ്മാണശാലകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതേക്കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വനമേഖലയില്‍ അന്വേഷണം നടത്തുകയായിരുന്നു.
നാല് പേരെയും സംഭവ സ്ഥലത്ത് വെച്ച് തന്നെ പോലീസ് പിടികൂടി. എന്നാല്‍ രണ്ട് പേര് പോലീസിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അതിവിദഗ്ധമായി ഇവരെ പിടികൂടുകയായിരുന്നുവെന്ന് സാംഭല്‍ എസ്പി യമുന പ്രസാദ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.