വടകര: ചില നേതാക്കളുടെ യഥാര്‍ത്ഥ മുഖം വയനാട്ടിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞാലുടന്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. വയനാട്ടിലെ സ്ഥാനാര്‍ത്ഥിക്കു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അടുത്തമാസം നാലു വരെ സമയമുണ്ടെന്നും കേരളത്തില്‍ സിപിഎം പൂജ്യം സീറ്റിലേക്കെത്തുമെന്നും മതേതരത്വത്തിനു വേണ്ടി വാദിക്കുന്നവരുടെ മുഖംമൂടി അഴിഞ്ഞു വീഴുന്നതു നിങ്ങള്‍ക്കു കാണാമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതിനാല്‍ പ്രചാരണം എങ്ങനെ തുടങ്ങുമെന്ന കാര്യത്തില്‍ യുഡിഎഫ് നേതൃത്വം കടുത്ത ആശങ്കയിലാണ്. രാഹുല്‍ ഗാന്ധിയുടെ പേരാണ് സ്ഥാനാര്‍ത്ഥിയായി പറയുന്നത് എന്നതുകൊണ്ട് വിഷമങ്ങളൊന്നും പുറത്തു പറയാനാവാത്ത അവസ്ഥയിലാണ് നേതാക്കള്‍. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം കഴിയും മുന്‍പ് പ്രഖ്യാപനം വരുമെന്ന പ്രതീക്ഷയിലാണ് അണികളും.
സ്ഥാനാര്‍ത്ഥിയെ അറിയാതെ എങ്ങനെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ചേരുമെന്ന ചോദ്യം ഉയര്‍ന്നതോടെ യുഡിഎഫിന് ഏറ്റവും ഭൂരിപക്ഷം നല്കുന്ന വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളിലെ കണ്വെന്ഷന് മാറ്റിവെക്കേണ്ടി വന്നിരിക്കുകയാണ്. സിദ്ദിഖിനു വേണ്ടി വോട്ടഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ പലയിടങ്ങളിലും ഉണ്ട്. എന്നാല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാരെന്ന് എഐസിസി വ്യക്തമാക്കും വരെ പ്രചാരണം നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം.