സൂപ്പര്‍താരം മോഹന്‍ലാലിന്റെ മാസ്സ് ചിത്രം ലൂസിഫര്‍ തീയ്യേറ്ററുകള്‍ കീഴടക്കാന്‍ ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ അവസാനത്തെ സര്‍പ്രൈസും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് ലൂസിഫറില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് സര്‍പ്രൈസ്. സൈദ് മസൂദ് എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജിലൂടെ ഇരുപത്തിയേഴാം കഥാപാത്ര പ്രഖ്യാപനത്തെക്കുറിച്ചുള്ള അറിയിപ്പ് ഉണ്ടായിരുന്നു. ഇതേച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായിരുന്നു. എന്നാല്‍ 26 ദിവസങ്ങളിലായി കാരക്ടര്‍ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയിലൂടെ റിലീസിങ് തുടരവെ, എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടാണ് ഇരുപത്തിയേഴാം ദിവസം പൃഥ്വിരാജ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം പുറത്തുവിടുന്നത്.
മുരളി ഗോപി തിരക്കഥയെഴുതി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പുള്ളി എന്ന രാഷ്ട്രീയ നേതാവിന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. മോഹന്‍ലാലിന് പുറമെ വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ് തുടങ്ങി വന്‍ താരനിരയുള്ള ചിത്രത്തില്‍ അതിഥിവേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നതെന്നാണ് സൂചന. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്.