ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടുത്തി റെഡി ഗോയുടെ എല്ലാ വേരിയന്റിലും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഡാറ്റ്സണ്‍. 2019 ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ഇന്ത്യയില്‍ പുറത്തിറങ്ങുന്ന എല്ലാ കാറുകള്‍ക്കും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനം നിര്‍ബന്ധമാണ്. ഇതിനാലാണ് റെഡി ഗോയിലും സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിരിക്കുന്നത്.
ക്വിഡ്, ഇയോണ്‍, ആള്‍ട്ടോ എന്നീ കാറുകളോടൊപ്പം മത്സരിക്കുന്ന റെഡി ഗോയുടെ എക്സ്ഷോറും വില 2.67 ലക്ഷം രൂപ മുതല്‍ 4.29 ലക്ഷം വരെയാണ്. ടോപ് സ്പെക്ക് റെഡി ഗോയില്‍ ഡ്രൈവര്‍ സൈഡ് എയര്‍ ബാഗും സെന്‍ട്രല്‍ ലോക്കിങും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബേസ് വേരിയന്റിലൊഴികെ എല്ലാത്തിലും എന്ജിന് ഇമ്മൊബിലൈസറും നല്‍കിയിട്ടുണ്ട്. എല്ലാ വകഭേദത്തിലും നാല് സീറ്റിലും ത്രീ പോയന്റ് സീറ്റ് ബെല്‍റ്റുമുണ്ട് (പിന്നിലെ മിഡില്‍ സീറ്റില്‍ ടൂ പോയന്റ് യൂണിറ്റ്).
റെഡി ഗോയ്ക്ക് രണ്ട് പെട്രോള്‍ എന്‍ജിനുകളാണുള്ളത്. 799 സിസി എന്ജിന് 5678 ആര്‍പിഎമ്മില്‍ 53 ബിഎച്ച്പി പവറും 4386 ആര്‍പിഎമ്മില്‍ 72 എന്‍എം ടോര്‍ക്കുമേകും. 999 സിസി എന്ജിന് 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവറും 4250 ആര്‍പിഎമ്മില്‍ 91 എന്‍എം ടോര്‍ക്കുമേകും.