കൊച്ചി: തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഹോസ്റ്റലിലെ പെണ്‍കുട്ടികള്‍ക്ക് ഇനി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം സിനിമയ്ക്കും പോകാം. ഇതിനൊക്കെ വിലക്കേര്‍പ്പെടുത്തിയിരുന്ന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കി. വ്യവസ്ഥകള്‍ മൗലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.
തൃശൂര്‍ കേരളവര്‍മ്മ കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന അഞ്ജിത കെ ജോസ്, റിന്‍സ തസ്നി എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. ആണ്‍കുട്ടികള്‍ക്കുള്ള അവകാശങ്ങള്‍ എല്ലാം പെണ്‍കുട്ടികള്‍ക്കും ഉണ്ടെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുഷ്ത്താഖിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിലപാടിന് അച്ചടക്കം നടപ്പാക്കുന്നതുമായി ബന്ധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യയിലെ ഏത് പൗരനും അയാളുടെ രാഷ്ട്രീയ കാഴ്ചപ്പാട് പുലര്‍ത്താനും ആശയങ്ങള്‍ പ്രകടിപ്പിക്കാനും മൗലികാവകാശമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള വിലക്ക് മൗലികാവകാശ ലംഘനമാണ്. അതുകൊണ്ട് ആ വ്യവസ്ഥ റദ്ദാക്കുകയാണെന്ന് കോടതി വിധിയില്‍ വ്യക്തമാക്കുന്നു.