കോഴിക്കോട്: മാതൃകാ പേരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ബസുകളിലെ സര്‍ക്കാര്‍ പരസ്യങ്ങള്‍ നീക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം കെഎസ്ആര്‍ടിസി പാടെ അവഗണിച്ചു. പെരുമാറ്റച്ചട്ടം നിലവില്‍വന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും മിക്ക ഡിപ്പോകളും ബസുകളില്‍ നിന്ന് പരസ്യം നീക്കിയിട്ടില്ല.
പതിനാലാം തീയതിയാണ് കെഎസ്ആര്‍ടിസിയോട് പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടത്. എന്നാല്‍ നോര്‍ത്ത് സോണിന് കീഴിലുള്ള ജില്ലകളിലെ ബസ്സുകള്‍ സര്‍ക്കാര്‍ പരസ്യവുമായാണ് ഇന്നും നിരത്തിലിറങ്ങിയത്.
കെഎസ്ആര്‍ടിസി ബസുകളിലെയും കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെയും സര്‍ക്കാര്‍ വെബ്സൈറ്റുകളിലെയും രാഷ്ട്രീയ പാര്‍ട്ടികളുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട പരസ്യങ്ങള്‍ നീക്കം ചെയ്യാനാണ് നിര്‍ദേശമുണ്ടായിരുന്നത്.
ചില ബസുകളില്‍ നിന്ന് പരസ്യം നീക്കി തുടങ്ങിയെങ്കിലും ബാക്കിയുള്ളവ മൂന്ന് വശങ്ങളിലും സര്‍ക്കാര്‍ പരസ്യവുമായാണ് സര്‍വ്വീസ് നടത്തുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മാര്‍ച്ച് പത്ത് മുതലാണ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നത്.