ന്യൂഡല്‍ഹി: ന്യൂസിലന്‍ഡ് ക്രൈസ്റ്റ് പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ കാണാതായവരുടെ പട്ടികയില്‍ ഒരു മലയാളിയും ഉള്‍പ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. കൊടുങ്ങല്ലൂര്‍ കരിപ്പാങ്കുളം സ്വദേശി അന്‍സിയെ കാണാനില്ലെന്ന് റെഡ്ക്രോസ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ഭീകരാക്രമണം നടക്കുമ്പോള്‍ ഇവര്‍ പള്ളിയിലുണ്ടായിരുന്നതായാണ് സൂചന. എന്നാല്‍ ഈ പട്ടികയിലിലെ വിവരങ്ങള്‍ വിദേശ മന്ത്രാലയം ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
അതേസമയം, ഒരു ഇന്ത്യക്കാരന് മരിച്ചതായും രണ്ട് പേര് പരിക്കുകളോടെ ചികിത്സയിലുള്ളതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ആറു പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ സംബന്ധിച്ച് കൂടുലല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, ഭീകരാക്രമണത്തില്‍ 49 പേര് കൊല്ലപ്പെട്ടതായി ന്യൂസിലന്‍ഡ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ജസീന്ത ആര്ഡന് ആണ് മരണസംഖ്യ സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഇരുപത് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇസ്ലാം മതത്തോട് കടുത്ത വിദ്വേഷമുണ്ടായിരുന്ന വലതുപക്ഷ ഭീകരവാദിയായ ഓസ്ട്രേലിയന്‍ പൗരനാണ് ആക്രമണം നടത്തിയവരില്‍ ഒരാള്‍. എത്ര പേര് നേരിട്ട് ആക്രമണം നടത്തിയെന്ന് ഇതു വരെ വ്യക്തമായിട്ടില്ല.ആക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ ന്യൂസിലന്‍ഡ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.