മുംബൈ: ട്രെയിനില്‍ യാത്ര ചെയ്തു കൊണ്ടിരിക്കെ വൈഫൈ ഹോട്ട്സ്പോട്ട് വഴി മൊബൈല്‍ ഫോണില്‍ സിനിമ കാണാനുളള സൗകര്യവുമായി റെയില്‍വേ വരുന്നു. പുതുതായി പുറത്തിറക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനിലാണ് യാത്രക്കാര്‍ക്കായി റെയില്‍വേ ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.
ആപ്പിന്റെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. നിലവില്‍ ഒട്ടുമിക്ക റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സംവിധാനമുണ്ട്. എന്നാല്‍ സ്റ്റേഷന്റെ പരിധി വിട്ടാല്‍ വൈഫൈ സിഗ്നലിന്റെ ശക്തി കുറയും. ഇതിനുള്ള പരിഹാരമായാണ് റെയില്‍വേ പുതിയ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇത് നിലവില്‍ വരുന്നതോടെ യാത്രക്കാരന് വിനോദപരിപാടികള്‍ എല്ലാം തടസ്സമില്ലാതെ കാണാന്‍ സാധിക്കും.
ജൂലായ് മാസത്തോടെ സംവിധാനം നിലവില്‍ വരുമെന്നാണ് സൂചന. ആദ്യഘട്ടമായി പരീക്ഷണമെന്ന നിലയില്‍ മുംബൈയിലെ ലോക്കല്‍ തീവണ്ടികളില്‍ ഈ സംവിധാനം ആരംഭിക്കും. തുടര്‍ന്ന് മറ്റുമേഖലകളിലേക്കും വ്യാപിപ്പിക്കും. മധ്യറെയില്‍വേയുടെ എല്ലാ ലോക്കല്‍ തീവണ്ടികളിലും നാലുമാസത്തിനുളളില്‍ ഈ സംവിധാനമൊരുക്കും.