കൊച്ചി: ബാലഭവനില്‍ പാര്‍പ്പിച്ചിരുന്ന പത്തു വയസ്സുകാരന് രക്ഷപ്പെടാന്‍ ശ്രമിച്ചു. അമ്മയും ഡോക്ടറായ സുഹൃത്തും ചേര്‍ന്ന് ശാരീരിക പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് കുന്നത്തുനാട് ബാലഭവനില്‍ പാര്‍പ്പിച്ചിരുന്ന ആണ്‍കുട്ടിയാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്.
ബാലഭവനില്‍ നിന്നും കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചെന്ന വിവരം അയല്‍വാസികളാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. സംഭവം അറിഞ്ഞെത്തിയ കുന്നത്തുനാട് പോലീസ് കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം കീഴില്ലത്തെ ബാലഭവനിലേക്ക് മാറ്റി.
അമ്മയും സുഹൃത്തായ ഡോക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 21 നാണ് പത്തു വയസ്സുകാരന് വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്. സംഭവത്തില്‍ വാഴക്കാല സ്വദേശിനിയായ ആശാമോള്‍ കുര്യാക്കോസിനെയും സുഹൃത്തായ ഡോ. ആദര്‍ശ് രാധാകൃഷ്ണനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. തുടര്‍ന്ന് കേസ് അവസാനിക്കുന്നത് വരെ കുട്ടിയെ ബാലഭവനില്‍ പാര്‍പ്പിക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി നിര്‍ദേശിക്കുകയായിരുന്നു.
മര്‍ദ്ദനം സഹിക്കാനാകാതെ താന്‍ വീട്ടില്‍ നിന്ന് ഇറങ്ങിയോടിയെന്ന് നേരത്തേ കുട്ടി ചൈല്‍ഡ്ലൈനിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് പത്തു വയസുകാരന് ബാലഭവനിലേക്ക് മാറ്റാന്‍ നിര്‍ദേശിച്ചത്. എന്നാല്‍ ഇവിടെ നിന്നും കുട്ടി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടര്‍ന്ന് അധികൃതര്‍ കുട്ടിയെ കുന്നത്തുനാട് ബാലഭവനിലേക്ക് മാറ്റുകയായിരുന്നു.
വീണ്ടും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ കുട്ടി തനിക്ക് വീട്ടിലേക്ക് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെടുന്നതായി പോലീസ് പറഞ്ഞു. കുട്ടിയെ തിങ്കളാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി മുമ്പാകെ വീണ്ടും ഹാജരാക്കും.