ബെയ്ജിങ്ങ്: വൈദ്യുതി ഉല്പാദിപ്പിക്കാന് ബഹിരാകാശത്ത് സൗരോര്‍ജ പാനലുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ചൈന. ബഹിരാകാശത്ത് വെച്ച് ഊര്ജോല്പാദനം നടത്തുകയും അത് ഭൂമിയിലേക്ക് കൊണ്ടുവന്ന് ഭൂമിയിലെ നഗരങ്ങളില്‍ വെളിച്ചം പകരാനുമാണ് ചൈന പദ്ധതിയിടുന്നത്.
ഈ പദ്ധതിക്ക് പ്രായോഗിക തലത്തില്‍ ഏറെ വെല്ലുവിളികളുണ്ട്. ആ വെല്ലുവിളികളെ തരണം ചെയ്യാനായാല്‍ ഊര്ജോല്പാദന രംഗത്തെ വലിയൊരു വഴിത്തിരിവാകും അത്. വായുമലിനീകരണത്തിനും ആഗോള താപനത്തിനും കാരണമാകുന്ന ഭൂമിയില്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ഊര്‍ജ സ്രോതസുകളെ മാറ്റി നിര്‍ത്താന്‍ ഇതുവഴി കഴിയും.
ഏറെ ചിലവേറിയ കാര്യമാണ് ബഹിരാകാശത്ത് ഉപയോഗിക്കാനുള്ള സോളാര്‍ പാനല്‍ നിര്‍മ്മിക്കുന്നത്. എന്നാല്‍ പുനരുപയോഗ ഊര്‍ജ നിര്‍മ്മാണത്തിനായി 36,700 കോടി ഡോളര്‍ ചിലവിടാനും ചൈന തയ്യാറാണ്. 2050 ഓടെ ഇങ്ങനെ ഒരു സോളാര്‍ പാനല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാനാവുമെന്നാണ് ചൈന എയറോസ്പേയ്സ് ആന്റ് ടെക്നോളജി കോര്‍പറേഷന്റെ കണക്കുകൂട്ടല്‍.
സൂക്ഷ്മ തരംഗങ്ങള്‍ (മൈക്രോവേവ്) ആയോ ലേസര്‍ രൂപത്തിലോ ആയിരിക്കും ബഹിരാകാശത്ത് സോളാര്‍ പാനല്‍ വഴി നിര്‍മ്മിക്കുന്ന ഊര്‍ജം ഭൂമിയിലേക്ക് അയക്കുക. എന്നാല്‍ ഇത് മനുഷ്യര്‍ക്കും, മറ്റ് ജീവജാലങ്ങള്‍ക്കും ഭീഷണിയാകാന്‍ ഇടയുണ്ടെന്നും ആവശ്യമായ പരിശോധനകള്‍ നടത്തണമെന്നും ചൈന അക്കാഡമി ഓഫ് സ്പേസ് ടെക്നോളജിയിലെ ഗവേഷകന് പാങ് ഷിഹാവോ വ്യക്തമാക്കി.