തിരുവനന്തപുരം: ഓണ്‍ലൈന്‍ ബൈക്ക് ടാക്സിക്ക് വിലക്ക്. തലസ്ഥാനത്ത് ഓണ്‍ലൈന്‍ ബൈക്ക് ടാക്സി ആരംഭിക്കാനുള്ള നീക്കം മോട്ടോര്‍വാഹനവകുപ്പ് തടഞ്ഞു. പെര്‍മിറ്റില്ലാത്ത ബൈക്കുകള്‍ ടാക്സിയായി ഓടിക്കാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ നടപടി.
ശംഖുമുഖത്ത് ശനിയാഴ്ചയായിരുന്നു പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കാനിരുന്നത്. എന്നാല്‍ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടിയെ തുടര്‍ന്ന് ചടങ്ങില്‍നിന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ അടക്കമുള്ളവര്‍ പിന്മാറി. നിയമങ്ങളൊന്നും പാലിക്കാതെയാണ് ബംഗളൂരൂ ആസ്ഥാനമായ റാപ്പിഡോ എന്ന കമ്പനി ഓണ്‍ലൈന്‍ ബൈക്ക് ടാക്സി തുടങ്ങാന്‍ ശ്രമിച്ചതെന്ന് തിരുവനന്തപുരം ആര്‍ടിഒ ബി മുരളീകൃഷ്ണന് പറഞ്ഞു.
യാത്രക്കൂലി വാങ്ങി ഓടിക്കണമെങ്കില്‍ വാഹനത്തിന് ടാക്സി അല്ലെങ്കില്‍ കോണ്‍ട്രാക്ട് കാരേജ് പെര്‍മിറ്റ് വേണം. ബൈക്കിന് ടാക്സി പെര്‍മിറ്റിനാണ് വേണ്ടത്. എന്നാല്‍ ഇരുചക്രവാഹനങ്ങള്‍ക്ക് സംസ്ഥാനത്ത് ടാക്സിപെര്‍മിറ്റ് നല്‍കിയിട്ടില്ല. പെര്മനെന്റ് വ്യവസ്ഥകള്‍ക്കൊപ്പം, യാത്രക്കൂലി നിശ്ചയിച്ച് വിഞ്ജാപനമിറക്കണം സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല.
ഇത്തരം ബൈക്കിന് ടാക്സി പെര്‍മിറ്റ് ലഭിക്കാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും ദൂരം കണക്കാക്കി യാത്രക്കൂലി ഈടാക്കാന്‍ സംവിധാനവും വേണം. ടാക്സി പെര്‍മിറ്റ് നല്കുമ്പോള് വാഹനങ്ങള്‍ക്ക് മഞ്ഞനിറത്തിലുള്ള നമ്പര്‍ ബോര്‍ഡ് അനുവദിക്കാറുണ്ട്. എന്നാല്‍ കമ്പനി ഇതൊന്നും പാലിക്കാതെയാണ് ഓണ്‍ലൈന്‍ ബൈക്ക് ടാക്സി തുടങ്ങാന്‍ ശ്രമിച്ചത്.
പെര്‍മിറ്റില്ലാത്ത വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാല്‍ പിഴയീടാക്കാനും ബൈക്ക് ടാക്സി ഓടിച്ചാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് ടാക്സിക്ക് സര്‍ക്കാരിനോട് അനുമതിതേടിയതായി കമ്പനി പ്രതിനിധികള്‍ അറിയിച്ചു. എന്നാല്‍ അപേക്ഷ ലഭിച്ചതല്ലാതെ മറ്റുനടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് ഗതാഗതവകുപ്പ് അധികൃതര്‍ ചൂണ്ടിക്കാട്ടി.