ആലുവ: വ്യോമസേന പൈലറ്റ് പാകിസ്താന് കസ്റ്റഡിയിലിരിക്കെ ബിജെപി തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കുന്ന പ്രധാമന്ത്രി നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പാകിസ്താന് കസ്റ്റഡിയിലുള്ള വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധനെ തിരികെ കിട്ടും വരെ ഉറങ്ങാതെ ഇരിക്കേണ്ട മോഡി ഈ സമയത്ത് പ്രസംഗിച്ചു നടക്കുകയാണെന്ന് കോടിയേരി കുറ്റപ്പെടുത്തി. കോടിയേരിയുടെ കേരളസംരക്ഷണ യാത്രയ്ക്ക് ആലുവയില്‍ നല്കിയ സ്വീകരണചടങ്ങില്‍ സംസാരിക്കവേയായിരുന്നു നരേന്ദ്ര മോഡിയെ രൂക്ഷമായി വിമര്‍ശിച്ചത്.
ഇന്ത്യന്‍ വ്യോമസേന നാടിന്റെ അഭിമാനമാണ്. പക്ഷേ മോഡി സൈന്യത്തെ തന്നെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയാണ്. മോഡിക്കെതിരെ പറഞ്ഞാല്‍ രാജ്യദ്രോഹിയായി മുദ്രകുത്തുകയാണെന്നും മോഡിയേയും അമിത് ഷായേയും വിമര്‍ശിച്ചു സംസാരിച്ചാല്‍ ജയിലിലാവുന്ന അവസ്ഥയാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളതെന്നും കോടിയേരി കുറ്റപ്പെടുത്തി.