സി പ്രേംകുമാറിന്റെ സംവിധാനത്തില്‍ വിജയ് സേതുപതിയും തൃഷയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 96 കഴിഞ്ഞ വര്‍ഷമിറങ്ങിയ നല്ല തമിഴ് ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിന്റെ കന്നഡ, തെലുങ്ക് റീമേക്കുകള്‍ പണിപ്പുരയിലാണ്. എന്നാല്‍ തെലുങ്ക് പതിപ്പ് ചില പ്രതിസന്ധികളിലാണെന്നാണ് റിപ്പോര്‍ട്ട്.
സംവിധായകന് സി പ്രേംകുമാറിന്റെ നിലപാട് 96ന്റെ തെലുങ്ക് റീമേക്കില്‍ സംഗീതസംവിധായകനായി ഗോവിന്ദ് വസന്ത തന്നെ മതിയെന്നായിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് സി രാജു എതിര്‍പ്പു പ്രകടിപ്പിച്ചുവെന്നാണ് സൂചന.തെലുങ്കില്‍ പ്രശസ്തരായ സംഗീത സംവിധായകരാരെങ്കിലും ഈണം നല്‍കട്ടെയെന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
കൂടാതെ തെലുങ്ക് സിനിമാപ്രേക്ഷകരുടെ ആസ്വാദനരീതിക്കനുസരിച്ച് ചിത്രത്തിന്റെ തിരക്കഥയില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും നിര്‍മ്മാതാവ് ആവശ്യപ്പെട്ടതായും എന്നാല്‍ തമിഴ് പതിപ്പിന്റെ തിരക്കഥ അതേപടി നിലനിര്‍ത്തണമെന്ന നിലപാടിലാണ് പ്രേംകുമാര്‍ എന്നുമാണ് സൂചന. നിര്‍മ്മാതാവും സംവിധായകനും തമ്മിലെ തര്‍ക്കങ്ങള്‍ ഉടന്‍ പരിഹരിച്ച് ചിത്രം താമസിയാതെ തന്നെ വെള്ളിത്തിരയിലെത്തുമെന്നാണ് പ്രതീക്ഷ. തെലുങ്ക് റീമേക്കില്‍ ഷര്‍വാനന്ദും സാമന്തയുമാണ് പ്രധാന കഥാപാത്രങ്ങള്‍.
96 വിജയ് സേതുപതി നായകനായെത്തിയ നടുവുലെ കൊഞ്ചം പാക്കാത കാണം എന്ന ചിത്രത്തില്‍ ഛായാഗ്രഹകനായിരുന്ന സി പ്രേംകുമാറിന്റെ ആദ്യ ചിത്രമായിരുന്നു. ഒട്ടേറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം നൊസ്റ്റാള്‍ജിയ പകരുന്നുവെന്ന നിലയ്ക്കും പ്രേക്ഷകരുടെ മനസിലും ഇടം പിടിച്ചു.