യുവാക്കളെ ലക്ഷ്യമിട്ട് ഹോണ്ടയുടെ സിബി 300 ആര് മോഡല്‍ ഇന്ത്യന്‍ നിരത്തിലെത്തി. ഹോണ്ടയുടെ 22 വിംങ് വേള്‍ഡ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് സിബി 300 ആറിന്റെ വില്പന. ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ വാഹനം വിതരണം ചെയ്ത് തുടങ്ങും. മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, കാന്‍ഡി ക്രോമോസ്ഫിയര്‍ റെഡ് എന്നീ രണ്ട് നിറങ്ങളില്‍ വാഹനം ലഭ്യമാകും.
2.41 ലക്ഷം രൂപ മുതലാണ് ഇന്ത്യയില്‍ വാഹനത്തിന്റെ എക്സ്ഷോറൂം വില. ഹോണ്ട നിയോ സ്പോര്‍ട്സ് കഫെ കണ്‍സെപ്റ്റില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ നിര്‍മ്മാണം. സിബി 1000 ആറിന്റെ ഡിസൈനുമായി ഏറെ സാദൃശ്യവും വാഹനത്തിനുണ്ട്. റൗണ്ട് ഹെഡ്ലാമ്പ്, വീതിയേറിയ പെട്രോള്‍ ടാങ്ക്, സ്പോര്‍ട്ടി എക്സ്ഹോസ്റ്റ്, അലൂമിനിയം റേഡിയേറ്റര്‍ ആവരണം, 17 ഇഞ്ച് വീല്‍ എന്നിവയെല്ലാം ചേര്‍ന്ന് അഗ്രസീവ് രൂപം നല്‍കും.
ഹെഡ്ലൈറ്റ്, ഇന്‍ഡികേറ്റര്‍, ടെയില്‍ലൈറ്റ് എന്നിവയെല്ലാം എല്‍ഇഡിയാണ്. ഫുള്‍ എല്‍സിഡിയാണ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍. 286 സിസി ലിക്വിഡ് കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്. 8500 ആര്‍പിഎമ്മില്‍ 30 ബിഎച്ച്പി പവറും 7500 ആര്‍പിഎമ്മില്‍ 27.5 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്ജിന്.
6 സ്പീഡാണ് ഗിയര്‍ബോക്സ്. 10 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുള്ള സിബി 300 ആറില്‍ 30.2 കിലോമീറ്റര്‍ ഇന്ധനക്ഷമതയും ലഭിക്കും. 2012 എംഎം നീളവും 802 എംഎം വീതിയും 1052 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 799 എംഎം ആണ് സീറ്റ് ഹൈറ്റ്. സുഖകരമായ യാത്രാനുഭവം നല്കാന് മുന്‍വശത്ത് 41 എംഎം അപ്സൈഡ് ഫോര്‍ക്കുകളും പിന്‍ഭാഗത്ത് ഏഴ് തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്പെന്‍ഷനുമാണുള്ളത്.
മുന്നില്‍ 296 എംഎം ഡിസ്ക് ബ്രേക്കും പിന്നില്‍ 220 എംഎം ഡിസ്ക്കുമാണ് ബ്രേക്കിങ് ചുമതല വഹിക്കുക. ഡ്യുവല്‍ ചാനല്‍ എബിഎസും സ്റ്റാന്റേര്‍ഡായുണ്ട്. 143 കിലോഗ്രാം മാത്രമാണ് വാഹനത്തിന്റെ ആകെ ഭാരം. കെടിഎം ഡ്യൂക്ക് 390, ബിഎംഡബ്ല്യു ജി 310 ആര് എന്നിവയാണ് ഇവിടെ സിബി 300 ആറിന്റെ എതിരാളികള്‍.