ആലപ്പുഴ: കടലവിറ്റ് നിത്യജീവിതം തള്ളി നീക്കുന്ന തമിഴ്നാട് സ്വദേശിനിയെ തേടിയെത്തിയത് ഭാഗ്യദേവത.കാരുണ്യപ്ലസ് ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 80 ലക്ഷം രൂപയാണ് ഭാഗ്യദേവതയുടെ രൂപത്തില്‍ കടല വില്‍പ്പനക്കാരിയായ ധനലക്ഷ്മിയെ കടാക്ഷിച്ചത്. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍ പിഎല്‍ 472837 എന്ന നമ്പറിലെ ടിക്കറ്റിനാണ് സമ്മാനം അടിച്ചത്.
അര്‍ത്തുങ്കലില്‍ നിന്നാണ് ധനലക്ഷ്മി ടിക്കറ്റെടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറില്ലെങ്കിലും എടുക്കുന്ന ടിക്കറ്റിന് എന്നെങ്കിലും സമ്മാനം ലഭിക്കുമെന്ന പ്രതീക്ഷ ധനലക്ഷ്മിയ്ക്കുണ്ടായിരുന്നു. ഇത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ധനലക്ഷ്മിയിപ്പോള്. എന്നാല്‍ അപ്രതീക്ഷിതമായി തേടിയെത്തിയ ലക്ഷങ്ങളുടെ ഒന്നാം സമ്മാനത്തില്‍ ധനലക്ഷ്മി മതിമറക്കുന്നില്ല.
ധനാഢ്യയായെങ്കിലും ഇതുവരെ തന്റെ ഉപജീവനമാര്‍ഗമായ കടല വില്‍പ്പന തന്നെ ഇനിയും തുടരാനാണ് ധനലക്ഷ്മിയുടെ തീരുമാനം. ഇത്രയും നാളും വാടകയ്ക്കാണ് താമസിച്ചത്. അതിനാല്‍ സ്വന്തമായി ഒരു വീടു നിര്‍മ്മിക്കണമെന്നാണ് ധനലക്ഷ്മിയുടെ ആഗ്രഹം. സമ്മാനാര്‍ഹമായ ടിക്കറ്റ് ഇവര്‍ കനറാ ബാങ്ക് ശാഖയില്‍ ഏല്‍പ്പിച്ചു.
തേനിയില്‍ നിന്നെത്തിയ ധനലക്ഷ്മി ഉത്സവ പറമ്പുകളിലും മറ്റും കടലയും കപ്പലണ്ടിയും വില്‍പ്പന നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. നാലുപതിറ്റാണ്ടു മുന്‍പ് തേനിയില്‍നിന്ന് എത്തിയ പരേതനായ ചിന്നയ്യന്റെയും അഴകമ്മയുടെയും എട്ടു മക്കളില്‍ നാലാമത്തെതാണ് ധനലക്ഷ്മി. ചേര്‍ത്തല അര്‍ത്തുങ്കലിലാണ് വാടകയ്ക്കു താമസിക്കുന്നത്.