തിരുവനന്തപുരം: ഓരോ തവണയും പാളിപോകുമ്പോള് സ്വര്‍ണ്ണക്കടത്തിനായി പുതുവഴികള്‍ തേടുകയാണ് കള്ളക്കടത്ത് മാഫിയ. ഇത്തവണ തികച്ചും വ്യത്യസ്തമായി ഈത്തപ്പഴപ്പാക്കറ്റ് ആയിരുന്നു സ്വര്‍ണ്ണം ഒളിപ്പിച്ച് കടത്താനായി ഇവര്‍ തെരഞ്ഞെടുത്തത്. എന്നാല്‍ ഇതും പൊളിച്ചടുക്കി കൊടുത്തിരിക്കുകയാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം.
തിരുവനന്തപുരം അന്തരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ ഈന്തപ്പഴ പാക്കറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 1.1 കിലോഗ്രാം സ്വര്‍ണ്ണമാണ് എയര്‍ ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ദുബായില്‍നിന്നുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് ഐഎക്സ് 540ലെത്തിയ കാസര്‍കോഡ് സ്വദേശി ബഷീര്‍ അഹമ്മദി (54)ല്‍ നിന്നാണ് സ്വര്‍ണ്ണം പിടിച്ചത്. ഇത് ഏകദേശം 35 ലക്ഷത്തോളം വിലമതിക്കും.
വലിയ ഈന്തപ്പഴ പാക്കറ്റിനുള്ളില്‍ മറ്റൊരു ഈന്തപ്പഴ പാക്കറ്റിനൊപ്പമായിരുന്നു ചങ്ങല രൂപത്തിലുള്ള മാലകളാക്കി സ്വര്‍ണം സൂക്ഷിച്ചിരുന്നത്. ഈന്തപ്പഴത്തിന്റെ നിറം മൂലം മറ്റു വസ്തുക്കള്‍ സാധാരണ സ്കാനര്‍ പരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാറില്ല. ഇത് മുതലാക്കിയാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമം നടന്നത്. സംശയം തോന്നിയതിനെ തുടര്‍ന്ന് എയര്‍ ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്.