സിയോള്‍: ഉത്തര കൊറിയയിലെ ഏകാധിപത്യ ഭരണത്തില്‍ നിന്നും രക്ഷനേടി ദക്ഷിണ കൊറിയയില്‍ അഭയം തേടിയ 1000ത്തോളം ഉത്തരകൊറിയക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. പേര്, വയസ്, അഡ്രസ് എന്നീ വിവരങ്ങളാണ് വെള്ളിയാഴ്ച ചോര്‍ന്നത്. ദക്ഷിണ കൊറിയയാണ് ഇക്കാര്യം അറിയിച്ചത്.
അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്ന കേന്ദ്രത്തിലെ കമ്പ്യൂട്ടറിലെത്തിയ ഇ മെയില്‍ തുറന്നതോടെയാണ് വിവരങ്ങള്‍ പുറത്തു പോയത്. എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇത് വരെ കണ്ടെത്താനായില്ലെന്നും സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയന്‍ ഹാക്കിങ് സംഘത്തിന് പങ്കുണ്ടെന്നാണ് സംശയിക്കുന്നതെന്നും ദക്ഷിണകൊറിയ പറഞ്ഞു.
എന്നാല്‍ ഇത്തരത്തില്‍ ഉള്ള സംഭവം ഇതാദ്യമായാണെന്നും ദക്ഷിണ കൊറിയ കൂട്ടിച്ചേര്‍ത്തു. വിവരങ്ങള്‍ ചോര്‍ന്നതോടെ ഉത്തര കൊറിയന്‍ സര്‍ക്കാര്‍ അറിയാതെ ദക്ഷിണ കൊറിയയില്‍ അഭയം തേടി ക്യാമ്പില്‍ കഴിയുന്നവര്‍ ആശങ്കയിലായി.