കൊളംബോ: കെട്ടിടം പണിയാനായി മണ്ണു നീക്കിയപ്പോള്‍ കണ്ടെത്തിയ ശവക്കല്ലറയില്‍നിന്ന് 230 അസ്ഥികൂടം കണ്ടെടുത്തു. ശ്രീലങ്കയിലെ മാന്നാര്‍ ടൗണിലാണ് സംഭവം. ആഭരണങ്ങളിലുള്ള പോര്‍സലൈന്‍, സെറാമിക്, മെറ്റല്‍ വസ്തുക്കള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
അസ്ഥികള്‍ ചിതറിയാണുള്ളതെന്നതിനാല് ശരീരഘടന കണ്ടുപിടിക്കാന്‍ പ്രയാസമായിരിക്കുമെന്ന് ഖനനത്തിന് നേതൃത്വം നല്കുന്ന പ്രൊഫ. രാജ് സോമദേവ പറഞ്ഞു. ആഗസ്തിലാണ് കെട്ടിടം പണിയാനായി അസ്തിവാരം കുഴിച്ചപ്പോള്‍ ശവക്കുഴി കണ്ടെത്തിയത്. ശേഷം വിശദമായ ഖനനം നടത്താന്‍ കോടതി ഉത്തരവിടുകയായിരുന്നു. മാന്നാര്‍ ടൗണ്‍ തമിഴ് ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള ഇടമാണ്.
ശ്രീലങ്കന്‍ സൈന്യവും തമിഴ് പുലികളും തമ്മിലുണ്ടായ കലാപത്തില്‍ നൂറുകണക്കിന് ആളുകളെ ഇവിടെനിന്ന് കാണാതായിരുന്നു. മാന്നാര്‍ സൈനിക നിയന്ത്രണത്തിലായിരുന്നു. കലാപം അവസാനിച്ചശേഷം നിരവധി കൂട്ടശവക്കുഴികളാണ് കണ്ടെത്തിയത്. 2014ല്‍ മാന്നാറിലെ തിരുകേതീശ്വരം ക്ഷേത്രത്തിനു സമീപം 96 പേരുടെ മൃതാവശിഷ്ടം കണ്ടെത്തിയിരുന്നു.