തൃശ്ശൂര്‍: ഇനി എടിഎം കാര്‍ഡില്ലെങ്കിലും കടകളില്‍നിന്ന് സാധനം വാങ്ങുന്നവര്‍ക്ക് മൊബൈല്‍ ഫോണുണ്ടെങ്കില് പണമടയ്ക്കാം. ഇതിനായി കടകളില്‍ ഉപയോഗിക്കുന്ന പോയിന്റ് ഓഫ് സെയില്‍ (പിഒഎസ്) യന്ത്രത്തില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് എസ്ബിഐ.
പിഒഎസ് മെഷീനില്‍ നിലവില്‍ കാര്‍ഡ് ഉപയോഗിച്ചാണ് പണമടയ്ക്കുന്നത്. എന്നാല്‍ ഇത്തരം ഇടപാടുകള്‍ക്ക് സുരക്ഷിതത്വം കുറവാണെന്ന പ്രശ്നമുണ്ട്. പലപ്പോഴും കാര്‍ഡിലെ വിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്യുകയും പണം തട്ടുകയും ചെയ്യുന്നതായി ഒട്ടേറെ പരാതികളുമുയര്ന്നിരുന്നു. ഇതിന് പരിഹാരമായാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ സൗകര്യമൊരുക്കുന്നതെന്ന് എസ്ബിഐ അധികൃതര്‍ പറഞ്ഞു. പുതിയ സംവിധാനത്തിന്റെ പേര് മള്‍ട്ടി ഓപ്ഷന് പേമെന്റ് ആക്സപ്റ്റന്‍സ് ഡിവൈസ്(മോപഡ്) എന്നാണ്.
ഇത് ഉപയോഗിക്കാന്‍ നാലുഘട്ടങ്ങളാണ് ഉള്ളത്. ആദ്യം കടയിലെ പിഒഎസ് യന്ത്രത്തില്‍നിന്ന് ക്യുആര്‍ കോഡ് ലഭിക്കും. അതിന് ശേഷം ബാങ്കിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ഇത് സ്കാന്‍ ചെയ്യാം. ഇതോടെ അടയ്ക്കേണ്ട തുകയും അക്കൗണ്ട് വിവരങ്ങളും ലഭിക്കും. ഇതുപയോഗിച്ച് നേരിട്ട് അക്കൗണ്ടില്‍നിന്ന് പണമടയ്ക്കാം. ചുരുങ്ങിയ വിവരങ്ങള്‍ മാത്രം നല്കി പണമടയ്ക്കാവുന്ന സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണമിടപാടുകള്‍ക്ക് എസ്ബിഐ ഭീം ആപ്പും ഉപയോഗിക്കാം.
അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ഘട്ടംഘട്ടമായി എല്ലാ വ്യാപാര സ്ഥാപനങ്ങളിലും മോപഡ് എത്തിക്കാനാവുമെന്നും എസ്ബിഐ അധികൃതര്‍ പറഞ്ഞു. ഇപ്പോള്‍ കടകളില്‍ ഉപയോഗിക്കാനായി പിഒഎസ് യന്ത്രം ആവശ്യപ്പെടുന്നവര്‍ക്ക് എസ്ബിഐ പുതിയ യന്ത്രങ്ങള്‍ നല്‍കുന്നില്ല. ഇതുവരെ ഉപയോഗിച്ചിരുന്ന യന്ത്രത്തിന് കേടുപാടുകള്‍ തീര്‍ക്കുക മാത്രമാണ് ചെയ്യുന്നത്.