കോഴിക്കോട്: ശബരിമല വിഷയത്തില്‍ വിവാദ പ്രസംഗത്തിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ അഡ്വ. പിഎസ് ശ്രീധരന് പിള്ള ഹൈക്കോടതിയെ സമീപിച്ചു. ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുണ്ട്. ചൊവ്വാഴ്ച കേസ് വീണ്ടും പരിഗണിക്കും.
ചൊവ്വാഴ്ച വരെ അറസ്റ്റ് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. തനിക്കെതിരെ ഉള്ളത് നിലനില്‍ക്കാത്ത കേസാണെന്ന് ശ്രീധരന്‍പിള്ളയുടെ ഹര്‍ജിയില്‍ പറയുന്നു. കേസിന് ആസ്പദമായ കുറ്റമൊന്നും താന്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം പോലീസ് ശ്രീധരന് പിള്ളയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് കോഴിക്കോട്ട് യുവമോര്‍ച്ചാ സമ്മേളനത്തില്‍ നടത്തിയ വിവാദ പ്രസംഗത്തിന്റെ പേരിലാണ്. സമാധാന അന്തരീക്ഷം തകര്‍ക്കുംവിധം പൊതുജനങ്ങളില്‍ പ്രകോപനത്തിന് പ്രേരണ നല്കുന്ന തരത്തില്‍ സംസാരിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 505 (1) (ബി) വകുപ്പ് പ്രകാരമാണ് കേസ്.