ടൂറര്‍ ബൈക്ക് ശ്രേണിയിലേക്ക് ഒരു പുത്തന്‍ മോഡല്‍. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹീറോ അവതരിപ്പിക്കുന്ന എക്സ്പള്‍സ് 200 ടി ആണ് നിരവധി ഫീച്ചറുമായി എത്തുന്നത്. റെട്രോ ഡിസൈനിലാണ് ഈ ടൂറര്‍ നിരത്തിലെത്തുന്നത്. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്സിനോടും അഡ്വഞ്ചര്‍ ശ്രേണിയില്‍ നിരത്തിലെത്താനിരിക്കുന്ന എക്സ്പള്സിനോടും രൂപസാദൃശ്യമുള്ള വാഹനമാണ് പുതിയ എക്സ്പള്‍സ് 200 ടി.
എന്നാല്‍, അഡ്വഞ്ചര്‍ ബൈക്കിന്റെ ഭാവത്തില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഫുള്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, ഉയരം കൂടിയ വിന്‍ഡ് ഷീല്‍ഡ്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുള്ള ഡിജിറ്റല്‍ സ്പീഡോമീറ്റര്‍, എന്നിവയാണ് ഈ ബൈക്കിന്റെ ഫീച്ചറുകള്‍.
എക്സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്ജിന്. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. സിഗിള്‍ ചാനല്‍ എബിഎസാണ് ഇതില്‍ സുരക്ഷ ഒരുക്കുന്നത്.
മിലാന് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് ഈ പുത്തന്‍ ബൈക്ക് അവതരിപ്പിച്ചത്. വാഹനത്തിന്റെ വില വിവരങ്ങള്‍ ഹീറോ പുറത്തുവിട്ടിട്ടില്ല. അടുത്ത വര്‍ഷം പകുതിയോടെ ഈ വാഹനം നിരത്തിലിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.