തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ വീണ്ടും എടിഎം കവര്‍ച്ചാശ്രമം. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മിലാണ് കവര്‍ച്ചാശ്രമം നടന്നത്. എടിഎമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടോയെന്ന കാര്യം അറിവായിട്ടില്ല. ഇന്ന് പുലര്‍ച്ചെയാണ് എടിഎം കവര്‍ച്ച നടന്നതെന്ന് കരുതുന്നു.
രാവിലെ പണം പിന്‍വലിക്കാനെത്തിയ ആളാണ് എടിഎം തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബാങ്കിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.
എടിഎമ്മിനുള്ളിലെ സിസിടിവി കാമറയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്. ഒന്നില്‍ കൂടുതല്‍ പേര് മോഷണത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ഈ മാസം 12ന് സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കൊരട്ടയിലെ എടിഎം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് 10.8 ലക്ഷം രൂപ കവര്‍ന്നിരുന്നു, ബാങ്കിന്റെ വരാന്തയില്‍ ഘടിപ്പിച്ചിരിക്കുന്ന നിരീക്ഷണ കാമറയും സ്പ്രേ പെയിന്റടിച്ച് പ്രവര്‍ത്തന രഹിതമാക്കിയ ശേഷമായിരുന്നു കവര്‍ച്ച നടത്തിയത്.