അങ്കാറ (തുര്‍ക്കി): തുര്‍ക്കിയില്‍ നിന്നുള്ള അപൂര്‍വ്വ അപകട ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഫുട്പാത്തിലൂടെ നടക്കുന്നതിനിടെ നടപ്പാത പൂര്‍ണ്ണമായും ഇടിഞ്ഞു താഴുകയായിരുന്നു. തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തില്‍ ബുധനാഴ്ചയാണ് സംഭവം നടന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
നടപ്പാതയില്‍ ഒരിടത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ നില്ക്കുന്നിടം പൂര്‍ണമായും ഇടിഞ്ഞു താഴുന്നു. ഒപ്പം ഇരുവരും അഗാധതയിലേക്ക് വീഴുന്നു. കാഴ്ചക്കാരില്‍ ഞെട്ടലും ഭയവും ജനിപ്പിക്കുന്നതാണ് ഈ ദൃശ്യം. നഗരത്തിലെ പ്രധാന ഓവുചാലിനു മുകളില്‍കൂടി പണിതിരിക്കുന്ന നടപ്പാതയുടെ ഭാഗമാണ് ഇടിഞ്ഞുവീണത്. ഏറെ ആഴമുള്ള ഓവുചാലിലേക്കാണ് കാല്‍നടയാത്രക്കാരികളായ സൂസന് കുഡേ ബാലിക്, ഒസ്ലെം ഡുയ്മാസ് എന്നിവര്‍ വീണത്.
ഉടന്‍തന്നെ പരിസരവാസികള്‍ ഓടിയെത്തുന്നതും കുഴിയിലെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. നിസാരപരിക്കുകളോടെ ഇവര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. തുര്‍ക്കി പോലീസ് സുരക്ഷാ സേനയാണ് വീഡിയോ ദൃശ്യം പുറത്തുവിട്ടത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ ഇത് വന്‍തോതില്‍ പ്രചരിച്ചു.