പ്രൗഢിയുടെ അവസാന വാക്കായ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മോഡലുകള്‍ വരുന്നു. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും കരുത്തുറ്റ എന്‍ജിനില്‍ ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല് ജിടി 650 എന്നീ രണ്ട് ബൈക്കുകളാണ് അടുത്ത മാസത്തോടെ ഇന്ത്യയിലെത്തുന്നത്. പാരലല്‍ ട്വിന്‍ സിലിണ്ടര്‍ എന്‍ജിനില്‍ കമ്പനിയുടെ ആദ്യ ബൈക്കുകളാണിവ. ലോഞ്ചിന് മുന്നോടിയായി രാജ്യത്തെ വിവിധ റോയല്‍ എന്‍ഫീല്‍ഡ് ഡീലര്‍ഷിപ്പുകള്‍ രണ്ട് മോഡലിന്റെയും ഡീലര്‍ഷിപ്പ്തല ബുക്കിങ് ആരംഭിച്ചു. ഈ ഇരട്ടകള്‍ക്ക് ഇന്ത്യയില്‍ മൂന്ന് ലക്ഷത്തിനുള്ളിലായിരിക്കും വില എന്നാണ് സൂചന.
648 സിസി എയര്‍-കൂള്‍ഡ് ഫ്യുവല്‍ ഇഞ്ചക്റ്റഡ് പാരല്‍ ട്വിന്‍ മോട്ടോറാണ് രണ്ടിനും കരുത്തേകുന്നത്. 7250 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 5250 ആര്‍പിഎമ്മില്‍ 52 എന്‍എം ടോര്‍ക്കുമേകും ഈ എന്ജിന്. സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ 6 സ്പീഡാണ് ഗിയര്‍ബോക്സ്. റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വേഗമേറിയ മോഡലും ഇതാണ്.
മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാന്‍ ഇന്റര്‍സെപ്റ്റര്‍ 650-ക്കും കോണ്ടിനെന്റില്‍ ജിടിക്കും സാധിക്കും. സ്റ്റാന്റേര്‍ഡ്, കസ്റ്റം, ക്രോം എന്നിങ്ങനെ മൂന്ന് വകഭേദങ്ങളില്‍ ഇരു മോഡലും ലഭ്യമാകും. നിലവിലുള്ള റോയല്‍ എന്‍ഫീല്‍ഡ് രൂപം മാറ്റിയാണ് ഇന്റര്‍സെപ്റ്ററിന്റെ എന്‍ട്രി. പഴയ എന്‍ഫീല്‍ഡ് ബൈക്കുകളോട് സാമ്യമുള്ള രൂപത്തിലാണ് ഡിസൈന്‍. ട്യൂബുലര്‍ ഡബിള്‍ ക്രാഡില്‍ ഫ്രെയിമിലാണ് ഇന്റര്‍സെപ്റ്ററിന്റെ നിര്‍മ്മാണം.
2122 എംഎം ആണ് നീളം. 1165 എംഎം ഉയരവും 789 എംഎം വീതിയും 174 എംഎം ഗ്രൗഡ് ക്ലിയറന്‍സും 202 കിലോഗ്രാം ഭാരവും ഇതിനുണ്ട്. 13.7 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റിയുമുണ്ട്. വിന്റേജ് രൂപത്തിലാണ് റൗണ്ട് ഹെഡ്ലൈറ്റും ട്വിന്‍ പോഡ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും. നിലവിലുള്ള കോണ്ടിനെന്റല് ജിടിയുടെ പകര്‍പ്പായി കരുത്തുറ്റ വകഭേദമാണ് ക്ലാസിക് കഫേ റേസര്‍ കോണ്ടിനെന്റല്. ഓപ്ഷണലായി സിംഗിള്‍ സീറ്റാക്കിയും മാറ്റാം.
നീളം ഇന്റര്‍സെപ്റ്ററിന് സമാനം. ഉയരവും വീതിയും അല്പം കുറവാണ്. 198 കിലോഗ്രാമാണ് ആകെ ഭാരം. ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി 12.5 ലിറ്റര്‍. രണ്ടിലും മുന്നില്‍ ടെലിസ്കോപ്പിക് ഫ്രണ്ട് ഫോര്‍ക്കും പിന്നില്‍ ട്വിന്‍ കോയില്‍ കവര്‍ ഷോക്കുമാണ് സസ്പെന്ഷന്. 18 ഇഞ്ചാണ് വീല്‍. മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കിനൊപ്പം സ്റ്റാന്റേര്‍ഡായി ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും ഇരു മോഡലിലും നല്‍കും.