വെഞ്ഞാറമൂട്: ചായയില്‍ ഉറക്കഗുളിക നല്കി അറുപതുകാരിയെ മാനഭംഗപ്പെടുത്തിയ
സംഭവത്തില്‍ ബന്ധുവായ പത്തൊന്പത്കാരന് അറസ്റ്റില്‍. കാട്ടായികോണം, ചന്തവിള സ്വദേശി അല്‍ അമീന് (19) നെയാണ് വെഞ്ഞാറമൂട് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. വിധവയും, മുത്തശ്ശിയുടെ സഹോദരിയുമായ അറുപതുകാരിയെ ചായയില്‍ ഉറക്കഗുളിക നല്‍കിയശേഷം മാനഭംഗപ്പെടുത്തുകയും തുടര്‍ന്ന് സ്വര്‍ണമാല മോഷ്ടിക്കുകയുമായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ 17 ന് രാവിലെ 11 ന് മുത്തശ്ശിയുടെ സഹോദരിയുടെ വീട്ടിലേയ്ക്ക് കടന്നുചെന്ന പ്രതി ചായയില്‍ ഉറക്കഗുളിക കലക്കി നല്കി. തുടര്‍ന്ന് അബോധാവസ്ഥയിലായ ശേഷം മാനഭംഗപ്പെടുത്തി. പിന്നീട് കഴുത്തില്‍ കിടന്ന ഒരു പവന്റെ മാലയും പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. അവശനിലയിലായ വയോധികയ്ക്ക് പിറ്റേ ദിവസമാണ് ബോധം തിരിച്ചുകിട്ടിയത്.18 ന് ഹര്‍ത്താല്‍ ആയതിനാല്‍ 19 ന് ഇവര്‍ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
വയോധിക വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്. ഇവരുടെ ഭര്‍ത്താവും മകനും നേരത്തേ മരണപ്പെട്ടിരുന്നു. വെഞ്ഞാറമൂട് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര് വിജയന്, എസ്ഐ എംസാഹില്, സിപിഒമാരായ വിഎല്‍ മഹേഷ്, എ സജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.