താരസംഘടനയായ എഎംഎംഎയ്ക്കെതിരെ സംസാരിച്ചതിന് തങ്ങളെ ഒറ്റപ്പെടുത്തുന്നുവെന്ന് നടി പാര്‍വതി. നേതൃത്വത്തിനെതിരെ തിരിഞ്ഞതിന്റെ പേരില്‍ സിനിമയിലെ അവസരങ്ങള്‍ പോലും ഇല്ലാതാക്കുകയാണെന്ന് താരം തുറന്നടിച്ചു. നിങ്ങളുടെ പേര് ഡബ്ല്യുസിസിയുമായി ബന്ധപ്പെടുന്ന നിമിഷം നിങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ അനഭിമതയാകുന്നു. അവരോടു സംസാരിക്കണ്ട, സഹകരിക്കണ്ട എന്ന രീതിയിലാണ് കാര്യങ്ങള്‍, പാര്‍വതി പറയുന്നു.
പ്രമുഖ വെബ്സൈറ്റിനു നല്കിയ അഭിമുഖത്തിന് ഇടയിലാണ് താരത്തിന്റെ തുറന്നു പറച്ചില്. കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഞാന്‍ അഭിനയിച്ച പല സിനിമകളും ഹിറ്റാണ്. എന്നിട്ടും എനിക്ക് ഇപ്പോള്‍ നിലവിലുള്ളത് ഒരു ഓഫര്‍ മാത്രമാണ്. എനിക്ക് മറ്റെന്തെങ്കിലും ജീവനോപാധി കണ്ടെത്താനുള്ള സാധ്യതയുണ്ട്. എംബിഎ ചെയ്താല്‍ മതിയായിരുന്നു എന്നാണ് ഇപ്പോള്‍ തന്റെ അമ്മ പറയുന്നത്. എന്നാല്‍ പല സ്ത്രീകള്‍ക്കും അതിനു കഴിയില്ല. തുറന്നു പറയുന്നവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കുന്നത് തെറ്റായ പ്രവണതയാണ്, പാര്‍വതി പറഞ്ഞു.
സിനിമ എന്ന തൊഴിലിടത്തിലെ ലൈംഗിക അതിക്രമത്തെ ചൂണ്ടിക്കാണിക്കുമ്പോള്‍ ഈ മേഖലയിലെ മറ്റു സംഘടനകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. ഇവിടെ അങ്ങനെ സംഭവിക്കില്ല എന്നാണ് അവര്‍ പറയുന്നത്. ഇക്കാര്യം ഏതെങ്കിലും ചാനല്‍ ചര്‍ച്ചയിലോ സംവാദത്തിലോ ഉന്നയിച്ചാല്‍, കടുത്ത അസഭ്യവര്‍ഷമാണ് ഞങ്ങള്‍ക്കു നേരെയുണ്ടാകുന്നത്, പാര്‍വതി പറയുന്നു. ദുരനുഭവങ്ങള്‍ തുറന്നു പറയുന്നവര്‍ക്ക് ബോളിവുഡിലെ പോലെ പിന്തുണ മലയാളത്തില്‍ ഇല്ലെന്നും പാര്‍വതി കുറ്റപ്പെടുത്തി.
ഫാന്‍സ് അസോസിയേഷന്റെ പേരില്‍ ഗുണ്ടാസംഘമാണ് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ നിന്നുള്ള ഓണ്‍ലൈന്‍ തെറിവിളികളും ബലാത്സംഗഭീഷണികളും അസഹനീയമാണ്. എങ്കിലും, സിനിമാമേഖലയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശബ്ദിക്കുമെന്നും തുറന്നുപറച്ചിലുകള്‍ക്ക് പിന്തുണ നല്‍കുമെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.