ആലപ്പുഴ: നിശാപാര്‍ട്ടികളില്‍ കൊഴുപ്പിക്കുന്ന വില കൂടിയ ലഹരിമരുന്നുമായി യുവാവ് ആലപ്പുഴയില്‍ പിടിയില്‍. ബംഗളൂരു ഹനുമന്തനഗര്‍ സ്വദേശി ഋഷഭ് (26) ആണ് അറസ്റ്റിലായത്. ആലപ്പുഴയിലെ പ്രതിശ്രുത വധുവിനെ കാണാനെത്തിയപ്പോഴാണ് യുവാവ് അറസ്റ്റിലായത്. ഗ്രാമിന് പതിനായിരം രൂപയിലധികം വിലയുള്ള മെത്തലീന്‍ ഡയോക്സി മെത്താ ആംഫിറ്റമിന്‍ (എംഡിഎംഎ) ആണ് ഇയാളില്‍നിന്ന് പിടിച്ചെടുത്തത്.
അര ഗ്രാമില്‍ കൂടുതല്‍ കൈവശം വെച്ചാല്‍ തന്നെ 20 വര്‍ഷം തടവും 2 ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഒരു ഗ്രാം എംഡിഎംഎ ലഹരി മരുന്നും കഞ്ചാവും ഇയാളില്‍നിന്ന് കണ്ടെടുത്തു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നു ദീര്‍ഘദൂര ട്രെയിനുകളില്‍ ലഹരി വസ്തുക്കള്‍ എത്തിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് സ്പെഷല്‍ സ്ക്വാഡിന്റെ പരിശോധന.
പിടിയിലായ യുവാവ് ബിബിഎ ബിരുദധാരിയാണ്. ഫ്രഞ്ച് പൗരത്വമുള്ള യുവതിയുമായി വിവാഹം ഉറപ്പിച്ച ഇയാള്‍ ആലപ്പുഴയില്‍ തങ്ങുന്ന യുവതിയെക്കാണാന്‍ ഗോവയില്‍ നിന്നാണ് ലഹരി മരുന്നുമായി എത്തിയത്. ഋഷഭ് രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ലഹരി മരുന്ന് ചില്ലറ വില്പന നടത്തുന്നയാളാണെന്ന് എക്സൈസ് അറിയിച്ചു.