കായംകുളം(ആലപ്പുഴ): നാലുവരി ദേശീയപാതയുടെ നിര്‍മാണം വൈകുന്നതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്. ദേശീയപാത നാലുവരി പാതയാക്കി നിര്‍മിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കാലതാമസം വരുത്തുകയാണെന്നും മന്ത്രി പറഞ്ഞു.
കാസര്‍കോഡ് മുതല്‍ കളിയിക്കാവിള വരെയുള്ള നാലുവരി പാതയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ രണ്ടര വര്‍ഷമായി തയാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി നിരവധി ചര്‍ച്ചകളും നടത്തി. ഈ നവംബറില്‍ 14 ജില്ലകളിലും നിര്‍മാണം ആരംഭിക്കുമെന്ന് പറഞ്ഞിട്ടു കല്ലുപോലും ഇട്ടിട്ടില്ല.
സര്‍വേ നടത്തി കല്ല് ഇട്ടിട്ടു വേണം സ്ഥലമെടുക്കാന്‍. ശേഷംവേണം കാശുകൊടുക്കാന്‍. തര്‍ക്കങ്ങള്‍ക്ക് അപ്പീല്‍ കേള്‍ക്കണം. അന്തിമമായി സ്ഥലം ഏറ്റെടുത്ത് ടെണ്ടര്‍ പ്രഖ്യാപിക്കണം. പിന്നെ കരാര്‍ കൊടുക്കണം. ഇതിനെല്ലാമുള്ള കാലാവധിയായിരുന്നു രണ്ടര വര്‍ഷം. അത് കേന്ദ്രം ഉപയോഗിച്ചതേയില്ല- സുധാകരന് കുറ്റപ്പെടുത്തി.
ദേശീയപാതാ അതോറിറ്റി നിര്‍മാണം വൈകിപ്പിക്കുന്നതിന്റെ കാരണം എന്തെന്നു വ്യക്തമല്ലെന്നും എപ്പോഴാണ് നിര്‍മാണം തുടങ്ങുക എന്ന് സംബന്ധിച്ച് ഒരു തിട്ടവുമില്ലെന്നും മന്ത്രി പറഞ്ഞു.