കണ്ണൂര്‍: യാത്രക്കാര്‍ക്കായി ഒരുങ്ങും മുന്‍പേ കണ്ണൂര്‍ വിമാനത്താവളം കാണികള്‍ക്കായി തുറന്നുകൊടുക്കുകയാണ്. പൊതുജനങ്ങള്‍ക്ക് വിമാനത്താവളം സന്ദര്‍ശിക്കാനായി അവസരമൊരുക്കിയിരിക്കുകയാണ് അധികൃതര്‍ . ഈ മാസം അഞ്ചാം തിയതി മുതല്‍ വിമാനത്താവളത്തിനുള്ളില്‍ ജനങ്ങളെ പ്രവേശിപ്പിക്കും.
12 ാം തിയതി വരെയാണ് കണ്ണൂര്‍ വിമാനത്താവളത്തിനുള്ളില്‍ ജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 10 മുതല്‍ നാലുവരെയാണ് സന്ദര്‍ശന സമയം. വിമാനത്താവളം കാണാന്‍ എത്തുന്നവര്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍രേഖയും കൈയില്‍ കരുതണമെന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ ചുമതലയുള്ള എക്സിക്യുട്ടിവ് ഡയറക്ടര്‍ കെപി ജോസ് അറിയിച്ചു.
ടെര്‍മിനലിനു മുന്‍വശത്തെ പാര്‍ക്കിങ് മേഖലയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം. സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫ്, വിമാനത്താവള ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിര്‍ദേശങ്ങള്‍ പാലിക്കണം. ടെര്‍മിനലിനകത്തു ഭക്ഷണ സാധനങ്ങളോ പാനീയങ്ങളോ അനുവദിക്കില്ല. സന്ദര്‍ശകര്‍ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍ എന്നിവ വിമാനത്താവള പരിസരത്ത് ഉപേക്ഷിക്കരുതെന്നും കിയാല്‍ അധികൃതര്‍ അറിയിച്ചു.