മൂന്നാര്‍: മൂന്നാറില്‍ നീലക്കുറിഞ്ഞി കാണാന്‍ എത്തുന്നവരുടെ തിരക്കു വര്‍ദ്ധിച്ചതോടെ രാജമലയിലേക്ക് പ്രവേശന പാസ് കിട്ടാതെ ബുദ്ധി മുട്ടി വിനോദസഞ്ചാരികള്‍. രാജമലയില്‍ ഒരു ദിവസം 3500 പേര്‍ക്കാണ് പ്രവേശനം. ഇതില്‍ 25% ടിക്കറ്റുകള്‍ മാത്രമാണ് കൗണ്ടര്‍ വഴി വിതരണം ചെയ്യുന്നത്. ബാക്കി ഓണ്‍ലൈന്‍ ബുക്കിങ്ങാണ്.
മുന്‍കൂട്ടി ബുക്ക് ചെയ്യാതെ വരുന്നവരില്‍ പലരും പുലര്‍ച്ചെ പഴയ മൂന്നാര്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തിലെ കൗണ്ടറിനു മുന്നില്‍ ടിക്കറ്റിനായി ക്യൂ നില്ക്കുന്നു. രാവിലെ ഏഴു മണിയോടെ തന്നെ ക്യൂ നീളും.
പല ദിവസങ്ങളിലും 11 മണിയോടെ ടിക്കറ്റുകള്‍ തീരും. പുലര്‍ച്ചെ ക്യൂ നിന്നു ടിക്കറ്റ് വാങ്ങി കരിഞ്ചന്തയില്‍ മറിച്ചു വില്‍ക്കുന്നതായും പരാതിയുണ്ട്. കെഎസ്ആര്‍ടിസി പഴയമൂന്നാറില്‍ നിന്നു രാജമലയിലേക്ക് ചെയിന്‍ സര്‍വീസ് പുനരംഭിച്ചതു സഞ്ചാരികള്‍ക്കു സഹായമായി.