പ്രൗഢിയുടെ മുദ്രയായ ഔഡിയുടെ ഇലക്ട്രിക് കാറായ ഇ-ട്രോണിനുള്ള പ്രീ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി അറിയിച്ചു. ഈ വര്‍ഷം അവസാനത്തോടെ യൂറോപ്പിലെ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. 2019 അവസാനത്തോടെ ഇ-ട്രോണ്‍ ഇന്ത്യയിലുമെത്തും.
സെപ്തംബര്‍ 18ന് സാന്‍ ഫ്രാന്‍സിസ്ക്കോയില്‍ നടന്ന 2018 ഔഡി ഗ്ലോബല്‍ സമ്മിറ്റിലാണ് ഇ-ട്രോണ്‍ പുറത്തിറക്കിയത്. 79,000 യൂറോയാണ് (66.92 ലക്ഷം രൂപ) ഇ-ട്രോണിന്റെ വില. ഔഡിയുടെ പരമ്പരാഗത പ്രൗഢ് ഇ-ട്രോണും കാത്തുസൂക്ഷിച്ചിട്ടുണ്ട്. ആക്ടീവ് ഫ്ളാപ്പ്സോടുകൂടിയ ഒക്ടഗണല്‍ ഗ്രില്‍ ഇ-ട്രോണിനെ വ്യത്യസ്തമാക്കും. 95kWh ലിഥിയം അയേണ്‍ ബാറ്ററിയാണ് വാഹനത്തിലുള്ളത്. രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് ഇ-ട്രോണിന്റെ ശക്തി സ്രോതസ്. മുന്നിലുള്ള 125 kW മോട്ടോറും പിന്നിലുള്ള 140 kW മോട്ടോറുകൂടി ചേര്‍ന്ന് 355 ബിഎച്ച്പി പവറും 561 എന്‍എം ടോര്‍ക്കുമേകും. അതേസമയം ബൂസ്റ്റ് മോഡില്‍ ഒരുപടി കൂടി കടന്ന് 408 ബിഎച്ച്പി പവറും ലഭിക്കും. 5 സീറ്റര്‍ ഇ-ട്രോണിന് ഒറ്റചാര്‍ജില്‍ 400 കിലോമീറ്റര്‍ ദൂരം പിന്നിടാനും സാധിക്കും. മണിക്കൂറില്‍ 200 കിലോമീറ്ററാണ് പരമാവധി വേഗത. 6.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം എന്നതും ഇതിന്റെ സവിശേഷതയാണ്. ചുറ്റുമുളളതെല്ലാം ക്യാമറകള്‍ അകത്തളത്തെ സ്ക്രീനില്‍ ദൃശ്യമാക്കും. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.