ന്യൂഡല്‍ഹി: നാളുകള്‍ നീണ്ട ചരിത്ര പോരാട്ടത്തില്‍ ഒടുവില്‍ വിജയ തിളക്കം. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശനം സുപ്രീംകോടതി ശരിവെച്ചു. ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ചരിത്ര വിധി. പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ‘ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷ’നാണ് 2006-ല്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ആര്‍ത്തവ കാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് നിയമപിന്‍ബലമേകുന്ന 1965-ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല (പ്രവേശന) ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കോടതി ശരിവെച്ചത്. അഞ്ചംഗ ബംഞ്ചിലെ ഇന്ദു മല്‍ഹോത്ര മാത്രം വിയോജിപ്പ് രേഖപ്പെടുത്തി. ബാക്കി നാല് ജഡ്ജിമാര്‍ ഒരേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.