കൊച്ചി: ഫീഡര്‍ സര്‍വീസുകള്‍ നടക്കാത്താനായി കൊച്ചി മെട്രോയ്ക്ക് പ്രകൃതി സൗഹാര്‍ദ്ദമായ ഇലക്ട്രിക് ഓട്ടോകള്‍ എത്തി. കൈനറ്റിക് ഗ്രീന്‍ എന്ന കമ്പനിയാണ് ഓട്ടോകള്‍ നല്‍കുന്നത്. ഫീഡര്‍ സര്‍വീസിനായി കെഎംആര്‍എല്‍ വാഹനനിര്‍മാതാക്കളുമായി നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് ടെന്‍ഡറും ക്ഷണിച്ചു. ഇലക്ട്രിക് ഓട്ടോകള്‍, മിനി വാനുകള്‍, മിഡി ബസുകള്‍, സൈക്കിളുകള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന വിപുലമായ ഫീഡര്‍ സര്‍വീസ് ശൃംഖലയാണ് കൊച്ചി മെട്രോയ്ക്ക് അനുബന്ധമായി നിലവില്‍വരിക.
ആലുവ, ഇടപ്പള്ളി, പാലാരിവട്ടം സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചാകും ഇലക്ട്രിക് ഓട്ടോകളുടെ സര്‍വീസ്. ആദ്യഘട്ടത്തില്‍ 38 ഓട്ടോകളാണ് ലഭിക്കുക. മൂന്നുമാസത്തേക്ക് ഇവയുടെ പരീക്ഷണയോട്ടം നടത്തും. ഷെയര്‍ ടാക്സിയുടെ മാതൃകയിലാകും സര്‍വീസ്. ഓട്ടോകള്‍ റീചാര്‍ജ് ചെയ്യാനുള്ള പ്ലഗ് പോയിന്റുകള്‍ അടക്കമുള്ള സൗകര്യങ്ങള്‍ കെഎംആര്‍എല്‍ ഒരുക്കും. രണ്ടു ഷിഫ്റ്റുകളിലായി ഓട്ടോറിക്ഷാഡ്രൈവര്‍മാര്‍ ഇലക്ട്രിക് ഓട്ടോകള്‍ ഓടിക്കും. മെട്രോസര്വീസുള്ള സമയം മുഴുവന്‍ ഇലക്ട്രിക് ഓട്ടോകളും ലഭ്യമാകും.