ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സെലിബ്രിറ്റി കപ്പിളാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശര്‍മയും. ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്ക് എപ്പോളും ആഘോഷമാണ്. പുതിയ സെല്‍ഫികള്‍, പുതിയ വീഡിയോകള്‍, ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ എന്നു വേണ്ട ഇവരെ സംബന്ധിക്കുന്ന എന്തും വാര്‍ത്തയാണ്.
പുതിയ ചിത്രമായ സൂയി ധാഗയുടെ പ്രമോഷന് പരിപാടികളുടെ ഭാഗമായി ഫിലിം കംപാനിയന് നല്കി അഭിമുഖത്തില്‍ അനുഷ്ക വിരാടിനേയും തന്നെയും കുറിച്ചു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ച ചെയ്യുന്നത്. തങ്ങള്‍ സാധാരണക്കാരാണെന്നും ഒരു തരത്തിലുള്ള സെലിബ്രിറ്റി സ്റ്റാറ്റസും ആസ്വദിക്കുന്നില്ലെന്നും അനുഷ്ക പറഞ്ഞു.
പലരും ഞങ്ങളോട് പറയാറുണ്ട് നിങ്ങള്‍ രണ്ടു സെലിബ്രിറ്റികളാണ് നിങ്ങളുടെ മേഖലയിലെ ശക്തരായ രണ്ടുപേരാണ് എന്നൊക്കെ. സത്യാവസ്ഥ എന്തെന്നാല്‍ ഞങ്ങള്‍ സ്വയം അങ്ങനെയല്ല കാണുന്നത്. ഞങ്ങളുടെ ജോലിയോട് അത്രയധികം അറ്റാച്ച്മെന്റ് ഇല്ല. സ്വയം സെലിബ്രിറ്റികളായി കാണുമ്പോള്‍ ഞങ്ങളുടെ ബന്ധത്തില്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്നാണ് അതിന്റെ അര്‍ത്ഥം.
ഞങ്ങളുടെ ജീവിതം എന്താണെന്ന് കണ്ടിട്ടുള്ളവര്‍ക്കറിയാം, ഞങ്ങള്‍ സാധാരണക്കാരായ, ചെറിയ ചെറിയ സാധാരണ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളുകളാണ്. പലപ്പോഴും ഈ പ്രശസ്തി ഒരു ഭാരമായിട്ടാണ് എനിക്കും വിരാടിനും തോന്നിയിട്ടുള്ളത്, അനുഷ്ക പറഞ്ഞു.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഡിസംബറിലാണ് ഇറ്റലിയില്‍ വച്ച് വിരാട് കോഹ്ലിയും അനുഷ്ക ശര്‍മയും വിവാഹിതരായത്. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത വളരെ സ്വകാര്യമായ ചടങ്ങായിരുന്നു.