ന്യൂഡല്‍ഹി: വെള്ളപുതച്ചു കിടക്കുന്ന അച്ഛന്റെ മുഖത്തുനിന്ന് തുണി മാറ്റി, അച്ഛന്റെ കവിളുകളില്‍ കുഞ്ഞികൈ വച്ച് പപ്പാ… എന്ന് വിളിച്ച് മുഖം പൊത്തി ആ കുഞ്ഞ് കരയാന്‍ തുടങ്ങി.
മൃതശരീരം സംസ്കരിക്കാന്‍ പണമില്ലാതെ ശ്മശാനത്തിന് മുന്നില്‍ കിടത്തിയിരിക്കുന്ന അച്ഛനെ കാണാന്‍ എത്തിയ മകന്റെ ഈ ദൃശ്യം ആരുടേയും കണ്ണുനനയിക്കുന്നതാണ്.
വെള്ളിയാഴ്ച ഡല്‍ഹിയിലെ അഴുക്കുചാലില്‍ ഇറങ്ങി ജോലി ചെയ്യുന്നതിനിടെ മരണപ്പെട്ട അനില്‍ എന്ന യുവാവിന്റെ മകന്റെ ചിത്രം ലോകത്തെയും കണ്ണീരിലാഴ്ത്തുകയാണ്.
മൃതശരീരം ദഹിപ്പിക്കാനുള്ള പണം പോലും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ കൈയിലുണ്ടായിരുന്നില്ല. ഒരു തോട്ടി തൊഴിലാളികളുടെ ദുരിത ജീവിതം തുറന്നു കാട്ടുന്നതാണ് ഈ ചിത്രം.
28 കാരനായ അനില്‍ അഴുക്കുചാലില്‍ ഇറങ്ങി പണി ചെയ്യുന്നതിനിടെ മരിച്ചത്. സുരക്ഷാ കരുതല്‍ എടുക്കാതെ അഴുക്കുചാലില്‍ ഇറങ്ങിയ അനില്‍ മുങ്ങി മരിക്കുകയായിരുന്നു. സീവേജ് പൈപ്പിനുള്ളില്‍ അഞ്ച് തൊഴിലാളികള്‍ മരിച്ചെന്ന വാര്‍ത്ത വന്നതിന് ഒരാഴ്ച തികയും മുമ്പാണ് വീണ്ടും അത്തരത്തിലുള്ള മരണം.
ഒരാഴ്ച മുമ്പ് അനിലിന്റെ നാലുമാസം പ്രായമുള്ള കുഞ്ഞ് ന്യൂമോണിയ ബാധിച്ച് മരണപ്പെട്ടിരുന്നു.