തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 89,540 മെട്രിക് ടണ്‍ അരി മുഴുവന്‍ സംസ്ഥാനം ഏറ്റെടുക്കുമെന്നും ഭക്ഷ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേന്ദ്രം 25 രൂപ നിരക്കില്‍ അനുവദിച്ച അരിയില്‍ ഇതുവരെ 30 ശതമാനമാണ് കേരളം ഏറ്റെടുത്തത്. ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ടുകൊണ്ടാണ് മുഖ്യമന്ത്രി അരിക്കായ് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചത്. സൗജന്യ നിരക്കില്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും കിലോയ്ക്ക് 25 രൂപ നിരക്കില്‍ നല്‍കണമെന്ന് കേന്ദ്രഭക്ഷ്യവകുപ്പ് ഉത്തരവിറക്കി.
ഈ പണം കേന്ദ്രം കേരളത്തിന് നല്കുന്ന ദുരന്തനിവാരണ ഫണ്ടില്‍നിന്ന് കിഴിക്കുമെന്നുമായിരുന്നു ഉത്തരവ്. ഇത് വിവാദമായപ്പോള്‍ അരി സൗജന്യമായിത്തന്നെ നല്‍കുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പസ്വാന് പ്രസ്താവന ഇറക്കിയെങ്കിലും ഇതുവരെ അനുകൂല ഉത്തരവിറക്കിയില്ല. എങ്കിലും അരി എടുക്കാന്‍ തന്നെയായിരുന്നു സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ 29ന് സര്‍ക്കാര്‍ സംസ്ഥാനത്തെ എഫ്സിഐ ഉന്നത ഉദ്യോഗസ്ഥരുടെയും ചുമട്ടുതൊഴിലാളി യൂണിയനുകളുടെയും യോഗം വിളിച്ചു. ഇതുപ്രകാരം അവധി ദിവസങ്ങളില്‍ ഉള്‍പ്പെടെ എഫ്സിഐ ഡിപ്പോയില്‍നിന്ന് അരി എടുക്കാന്‍ തീരുമാനിച്ചു. ഇപ്രകാരം എടുത്ത അരിയില്‍നിന്ന് 38.5 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി അഞ്ച് കിലോവീതം നല്കി.