ഇന്‍ഡോര്‍: മുന്ജന്മത്തിലെ ജീവിതപങ്കാളിയാണെന്നു പറഞ്ഞ് എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോകാന്‍ യുവതിയുടെ ശ്രമം. കിരണ്‍ എന്നറിയപ്പെടുന്ന വെറോണിക്ക ബൊറോഡെ (35)യാണു ഇരുപത്തിയൊന്നുകാരിയായ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വെറോണിക്കയെയും അവരെ സഹായിച്ച മുംബൈ പോലീസ് കോണ്‍സ്റ്റബിള്‍ ആനന്ദ് മുധെയയും അറസ്റ്റ് ചെയ്തു.
മുംബൈയില്‍ അധ്യാപികയാണു വെറോണിക്ക. ശനിയാഴ്ചയാണ് ആനന്ദിനൊപ്പം ഇവര്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലെത്തിയത്. മുന്‍ ജന്മത്തില് തന്റെ ജീവിതപങ്കാളിയായിരുന്നെന്നു വിദ്യാര്‍ഥിനിയോടു വെറോണിക്ക പറഞ്ഞിരുന്നു. കൂടെ വരാന്‍ സമ്മതിക്കാതിരുന്ന പെണ്‍കുട്ടിയെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചു. വിദ്യാര്‍ഥിനിയുടെ നിലവിളി കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയതോടെയാണ് വെറോണിക്കയും ആനന്ദും പിടിയിലായത്.
രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും പോലീസ് കസ്റ്റഡിയില്‍ 11 വരെ റിമാന്‍ഡ് ചെയ്തു. തട്ടിക്കൊണ്ടു പോകലിന്റെ യഥാര്‍ഥ കാരണം വ്യക്തമായിട്ടില്ലെന്നു പോലീസ് പറഞ്ഞു. മുംബൈ പോലീസിനെ വിവരമറിയിച്ചിട്ടുണ്ട്.
മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അമ്മയുടെ ചികിത്സയുടെ ഭാഗമായി പെണ്‍കുട്ടി എത്തിയിരുന്നു. അവിടെ വച്ചാണു വെറോണിക്കയെ പരിചയപ്പെട്ടത്. മൊബൈല്‍ നമ്പറുകളും കൈമാറി. ഒരു ദിവസം ഫോണില്‍ വിളിച്ച് ഇരുവരും മുന്ജന്മത്തില് ഭാര്യാഭര്ത്താക്കന്മാരായിരുന്നെന്ന് വെറോണിക്ക പറയുകയായിരുന്നു. ഈ ജന്മത്തിലും ഒരുമിച്ചു ജീവിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹിതയാണ് വെറോണിക്ക.
പല തവണ ഫോണ്‍ വിളിച്ച് മുംബൈയിലേക്കു ക്ഷണിച്ചതായും വിദ്യാര്‍ഥിനി പറഞ്ഞു. 15 നമ്പറുകളില്‍ നിന്നാണു പലപ്പോഴായി വിളിച്ചത്. ഒരിക്കല്‍ എന്‍ജിനീയറിങ് കോളജിലേക്കും വന്നു. എന്നാല്‍ വിദ്യാര്‍ഥിനി കാണാന്‍ തയാറായില്ല. മാനസിക സമ്മര്‍ദം പലപ്പോഴും താങ്ങാനായിരുന്നില്ലെന്നും പെണ്‍കുട്ടി നല്കിയ പരാതിയിലുണ്ട്. വീട്ടിലേക്ക് അതിക്രമിച്ചു കയറി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും ഇഷ്ടമില്ലാത്ത വിവാഹത്തിനു നിര്‍ബന്ധിച്ചതിനും ഉള്‍പ്പെടെയാണ് വെറോണിക്കയ്ക്കും ആനന്ദിനുമെതിരെ കേസ്.