ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് സീറ്റ് വിട്ടുകൊടുത്തതുപോലെ കുട്ടനാട്ടില്‍ സംഭവിക്കില്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. കുട്ടനാട്ടില്‍ എന്‍ഡിഎക്ക് വേണ്ടി ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തന്നെ മത്സരിക്കുമെന്ന് തുഷാര്‍ വ്യക്തമാക്കി.
സ്ഥാനാര്‍ത്ഥിയായി കുട്ടനാട് മണ്ഡലത്തില്‍ നിന്നുള്ളവര്‍ തന്നെയായിരിക്കും. പാര്‍ട്ടിയില്‍ വിമത നീക്കം നടത്തി പുറത്തായ സുഭാഷ് വാസുവിന് കുട്ടനാട്ടില്‍ സ്വാധീനമില്ലെന്നും കുട്ടനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയുമായി പ്രാരംഭ ചര്‍ച്ചകള്‍ കഴിഞ്ഞുവെന്നും തുഷാര്‍ വ്യക്തമാക്കി.
കുട്ടനാട് എസ്എന്‍ഡിപി യൂണിയന് കണ്‍വീനര്‍ സന്തോഷ് സതി, യുണിയന്‍ ചെയര്മാന് പിവി ബിനീഷ് എന്നിവരുടെ പേരുകളാണ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയിലുള്ളത്. അതേസമയം വിമത നീക്കത്തെ തുടര്‍ന്ന് പുറത്തായ സുഭാഷ് വാസുവും കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന അഭ്യൂഹമുയരുന്നതിനാല് അടുത്ത എന്‍ഡിഎ യോഗം നിര്‍ണ്ണായകമായിരിക്കും.