കാസര്‍കോഡ്: കേരളത്തില്‍ കൊറോണ ബാധ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടാമത്തെ ആളും ആശുപത്രി വിട്ടു. കൊറോണ രോഗം സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ആശുപത്രി വിട്ടത്. തുടര്‍ച്ചയായി രണ്ട് പരിശോധനകളിലും വൈറസ് ബാധ ഇല്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് വിദ്യാത്ഥി ആശുപത്രി വിട്ടത്.
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൂന്നാമത്തെ കൊറോണ കേസായിരുന്നു കാസര്‍കോഡിലേത്. വുഹാനില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായിരുന്നു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. അതെസമയം വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മെച്ചപ്പെട്ടങ്കിലും വീട്ടില്‍ നിരീക്ഷണം തുടരുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. നേരത്തെ ആലപ്പുഴയില്‍ കൊറോണ സ്ഥിരീകരിച്ച ആളും ആശുപത്രി വിട്ടിരുന്നു. തൃശൂരില്‍ ചികിത്സയിലുള്ള വിദ്യാര്‍ത്ഥിയെ മാത്രമാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചവരില്‍ ഇനി ഡിസ്ചാര്‍ജ് ചെയ്യാനുള്ളത്.
അതേ സമയം കൊറോണ വൈറസ് ബാധിച്ച ചൈനയില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. രോഗ ബാധ രൂക്ഷമായ ഹ്യൂബെ പ്രവശ്യയില്‍ ഇന്നലെ മാത്രം മരിച്ചത് 139 പേരാണ്. 68,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയില്‍ രോഗബാധ കൂടുന്നതില്‍ ലോകാരോഗ്യ സംഘടന ആശങ്ക അറിയിച്ചു. 1700 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധിച്ചതായും ഇതില്‍ ആറ് പേര് മരിച്ചെന്നും ചൈന അറിയിച്ചു.