തിരുവനന്തപുരം: വയനാട് ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം നീക്കാന്‍ സാധ്യമായത് എല്ലാം ചെയ്യുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്.
അതേസമയം, രാത്രിയാത്രാ നിരോധനത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി വയനാട് എംപി രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. രാത്രി യാത്രാ നിരോധനംമൂലം ഉണ്ടാകാവുന്ന ബുദ്ധിമുട്ട് മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തെന്നും വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധി രണ്ടുദിവസത്തിനുള്ളില്‍ വയനാട് സന്ദര്‍ശിക്കും.
ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാന്‍ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തില്‍ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്.
അഞ്ച് യുവനേതാക്കളാണ് ഉപവാസം തുടങ്ങിയത്. ദേശീയ പാതയില്‍ കഴിഞ്ഞ 10 വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്കിയ ഹര്‍ജി പരിഗണിക്കവേ നിരോധനം പകലും കൂടി നീട്ടാമോയെന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി ആരാഞ്ഞിരുന്നു.